ദില്ലിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി മനോഹര്‍ പരീഖര്‍ തുടങ്ങിയവര്‍ സന്നിഹിതരാകും. രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയ സൈനികരോടുള്ള ആദര സൂചകമായി രാവിലെ പ്രധാനമന്ത്രി, അമര്‍ ജവാന്‍ ജ്യോതിയിലെത്തി പുഷ്പചക്രം അര്‍പ്പിച്ചു. ഇന്ത്യയുടെ സൈനിക ശക്തി പ്രകടിപ്പിക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ കരനാവികവ്യോമ സേനയ്ക്കു പുറമെ അര്‍ധസൈനിക വിഭാഗങ്ങളും അണിനിരക്കും. വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും നിശ്ചല ദൃശ്യങ്ങള്‍ പരേഡില്‍ അണിനിരക്കും. കേരളത്തിന്റെ ശുപാര്‍ശ കേന്ദ്രം തള്ളിയതിനെ തുടര്‍ന്ന് ഇത്തവണയും സംസ്ഥാനത്ത് നിന്നുള്ള നിശ്ചലദൃശ്യം പരേഡില്‍ ഉണ്ടാവില്ല.

ഇതാദ്യമായി യു.എ.ഇയില്‍ നിന്നുള്ള സൈനികരും പരേഡില്‍ പങ്കെടുക്കും. 150 സൈനികരാണ് ഇതിനായി ദില്ലിയിലെത്തിയിരിക്കുന്നത്. ഇതനുപുറമേ സംഗീത സംഘവും യു.എ.ഇയില്‍ നിന്ന് എത്തിയിട്ടുണ്ട്

റിപ്ലബ്ലിക്ദിന പരേഡിനു നേരെ വ്യോമ ആക്രമണമുണ്ടായേക്കാമെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനം കനത്ത സുരക്ഷാ വലയത്തിലാണ്. 60,000ല്‍ അധികം സുരക്ഷാ ഭടന്മാരെയാണ് ദില്ലിയില്‍ വിന്യസിച്ചിരിക്കുന്നത്. ദില്ലിയിലെ രണ്ട് മെട്രോ സ്റ്റേഷനുകള്‍ അടച്ചു. ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വ്വീസുകള്‍ ഉച്ചയ്ക്ക് 12 മണി വരെ നിര്‍ത്തിവെച്ചിട്ടുമുണ്ട്.