അലഹാബാദ്: മദ്രസകളിൽ ദേശീയഗാനം നിർബന്ധമാക്കിയ ഉത്തർപ്രദേശ്​ സർക്കാറി​ന്‍റെ ഉത്തരവിന്​ അലഹാബാദ്​ ഹൈക്കോടതിയുടെ പിന്തുണ. ഉത്തരവ്​ മുഴുവൻ മദ്രസകളും നിർബന്ധമായി നടപ്പാക്കണമെന്ന്​ കോടതി വ്യക്​തമാക്കി. എല്ലാവരും ദേശീയഗാനത്തെയും ദേശീയ പതാകയെയും ആദരിക്കണമെന്നും കോടതി പറഞ്ഞു.

ദേശീയ ഗാനം ആലപിക്കുന്നതിൽ നിന്ന്​ മദ്രസകൾക്ക്​ ഇളവ്​ അനുവദിക്കണമെന്ന്​ ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളുകയും ചെയ്​തു. കഴിഞ്ഞ സ്വാത​ന്ത്ര്യദിനത്തി​ന്‍റെ ഭാഗമായാണ്​ മദ്രസകളിൽ ദേശീയഗാനം നിർബന്ധമാക്കി യോഗി സർക്കാർ ഉത്തരവിറക്കിയത്​. മദ്രസകളിലെ സ്വാത​ന്ത്ര്യദിന പരിപാടികളുടെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തി നൽകാൻ ജില്ലാ ന്യൂനപക്ഷ ക്ഷേമ ഒാഫീസർമാർക്ക്​ നിർദേശവും നൽകിയിരുന്നു.

ഉത്തർപ്രദേശ്​ മദ്രസ ശിക്ഷാ പരിഷതിൽ അഫിലിയേറ്റ്​ ചെയ്​ത മദ്രസകളിൽ ആഗസ്​റ്റ്​ 15ന്​ സ്വാ​തന്ത്ര്യസമര നായകർക്ക്​ ശ്രദ്ധാഞ്​ജലി അർപ്പിക്കാനും സാംസ്​കാരിക പരിപാടികൾ സംഘടിപ്പിക്കാനും നിർദേശിച്ചിരുന്നു. എന്നാൽ സർക്കാർ ഉത്തരവിനെ തങ്ങളുടെ ദേശസ്​നേഹം പരിശോധിക്കാനുള്ള ശ്രമമായാണ്​ പലരും കണ്ടത്​. ദേശീയപതാക ഉയർത്താനും ദേശീയ ഗാനം ആലപിക്കാനും നേരത്തെ മദ്രസകൾക്ക്​ നിർദേശവും നൽകിയിരുന്നു.

നിലവിൽ യു.പിയിൽ പരിഷതിന്​ കീഴിൽ 8000ത്തോളം മദ്രസകളാണുള്ളത്​. ഇതിൽ 560 എണ്ണം പൂർണമായും സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്നവയാണ്​.