Asianet News MalayalamAsianet News Malayalam

ബിജെപിക്ക് ഇക്കുറിയും വട്ടപ്പൂജ്യം, എല്‍ഡിഎഫ് തകരും; യുഡിഎഫ് വിജയം പ്രവചിച്ച് റിപ്പബ്ലിക് ടിവി സര്‍വേ

കേരളത്തില്‍ ആകെയുള്ള 20 സീറ്റില്‍ പതിനാറും യുഡിഎഫ് സ്വന്തമാക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. എല്‍ഡിഎഫിന്‍റെ സീറ്റുകള്‍  നാലായി ചുരുങ്ങും. സി-വോട്ടറുമായി ചേർന്നാണ് റിപ്പബ്ലിക് സർവേ തയ്യാറാക്കിയിരിക്കുന്നത്.

National Approval Ratings of kerala by republic tv and cvoter
Author
Delhi, First Published Nov 2, 2018, 2:05 PM IST

ദില്ലി: എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനമാകാമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ എത്ര വലിയ പ്രക്ഷോഭങ്ങള്‍ നടത്തിയാലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ അത് ബിജെപിക്ക് ഗുണകരമാകില്ലെന്ന് സര്‍വേ. നവംബറില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നാല്‍ കേരളത്തില്‍ എന്ത് സംഭവിക്കുമെന്നാണ് റിപ്പബ്ലിക് ടിവിയും സി-വോട്ടറും ചേര്‍ന്നുള്ള സര്‍വേ ചര്‍ച്ച ചെയ്യുന്നത്.

കേരളത്തില്‍ ആകെയുള്ള 20 സീറ്റില്‍ പതിനാറും യുഡിഎഫ് സ്വന്തമാക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. എല്‍ഡിഎഫിന്‍റെ സീറ്റുകള്‍  നാലായി ചുരുങ്ങും. കേരളത്തില്‍ മികച്ച പ്രകടനം പ്രതീക്ഷിക്കുന്ന ബിജെപിക്ക് ഇക്കുറിയും അക്കൗണ്ട് തുറക്കാനാകില്ലെന്നും സര്‍വേ വ്യക്തമാക്കുന്നു.

40.4 ശതമാനം വോട്ട് ഷെയര്‍ യുഡിഎഫിന് ലഭിക്കുമ്പോള്‍ എല്‍ഡിഎഫിന്‍റെ വോട്ട് ഷെയര്‍ 29.3 ശതമാനം ആയി കുറയും. കേരളത്തില്‍ ചരിത്രത്തില്‍ ആദ്യമായി ഒരു സീറ്റ് നേടാന്‍ കച്ച മുറുക്കുന്ന ബിജെപിക്ക് 17.5 ശതമാനമാണ് വോട്ട് ഷെയര്‍ ലഭിക്കുക. യുഡിഎഫില്‍ നിന്നും എല്‍ഡിഎഫില്‍ നിന്നും വോട്ടുകള്‍ ബിജെപിയിലേക്ക് എത്തും.

National Approval Ratings of kerala by republic tv and cvoter

എങ്കിലും ബിജെപിക്ക് ഒരു സീറ്റ് വിജയിക്കാനുള്ള സാധ്യതകള്‍ സര്‍വേ നല്‍കുന്നില്ല. യുഡിഎഫില്‍ 16 സീറ്റില്‍ 10ഉം വിജയിക്കുക കോണ്‍ഗ്രസാണ്. വോട്ട് ഷെയറിലുണ്ടാകുന്ന ഭീമമായ നഷ്ടം എല്‍ഡിഎഫിന് വലിയ തിരിച്ചടിയാണ് സമ്മാനിക്കുക. നേരത്തെ 'എബിപി- സീ വോട്ടര്‍ സര്‍വേ'യും സമാനമായ ഫലങ്ങളാണ് കേരളത്തില്‍ പ്രവചിച്ചത്.

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് കേരളത്തില്‍ വന്‍ വിജയം സ്വന്തമാക്കുമെന്ന് എബിപി സര്‍വേ വ്യക്തമാക്കുന്നു. ആകെയുള്ള 20 സീറ്റില്‍ 16 സീറ്റും യുഡിഎഫ് നേടുമ്പോള്‍ എല്‍ഡിഎഫിന് ലഭിക്കുക നാല് സീറ്റുകള്‍ മാത്രമാണ്. ബിജെപിക്ക് ഒരു സീറ്റു പോലും ലഭിക്കില്ലെന്ന് സര്‍വേ പറയുന്നു.  

നിലവില്‍ 12 സീറ്റ് യുഡിഎഫ് സിറ്റിങ്ങ് സീറ്റാണ്. ഇതിന് പുറമേ എല്‍ഡിഎഫിന്‍റെ നാല് സീറ്റുകള്‍ കൂടി യുഡിഎഫ് പിടിച്ചെടുക്കും. ബിജെപി മികച്ച പ്രകടനം കാഴ്ച വെക്കുമെങ്കിലും ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കഴിയില്ലെന്നാണ് സര്‍വേ ഫലം. 

Follow Us:
Download App:
  • android
  • ios