Asianet News MalayalamAsianet News Malayalam

മൂന്നാറിലെ വന്‍കിട കയ്യേറ്റങ്ങള്‍: സര്‍ക്കാറിന്‍റെ കള്ളക്കളി പുറത്ത്

National Green Tribunal notice on encroachments in Munnar
Author
First Published Aug 9, 2017, 10:05 PM IST

ചെന്നൈ: മൂന്നാറിലെ അനധികൃതകയ്യേറ്റങ്ങൾ സംബന്ധിച്ച് ദേശീയ ഹരിതട്രൈബ്യൂണലിൽ നൽകിയ റിപ്പോർട്ടിൽ സംസ്ഥാനസർക്കാരിന്‍റെ കള്ളക്കളി. ഇടുക്കി ജില്ലാ കലക്ടർ തയ്യാറാക്കി മുഖ്യമന്ത്രിയ്ക്ക് സമർപ്പിച്ച രണ്ട് പട്ടികകളിൽ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ബന്ധുക്കളുടെ പേരുകളുള്ള ഒരു പട്ടിക എൻജിടിയിൽ നൽകാതെ സർക്കാർ മറച്ചുവെച്ചു. എൻഒസി വാങ്ങാത്ത 330 കെട്ടിടങ്ങളുടെ പട്ടിക മാത്രമാണ് സർക്കാർ കോടതി മുൻപാകെ സമർപ്പിച്ചിട്ടുള്ളത്.

മൂന്നാർ കയ്യേറ്റഭൂമിയുടെ വിവരങ്ങൾ തുടങ്ങി, കയ്യേറ്റങ്ങൾക്കെതിരെ സർക്കാർ സ്വീകരിച്ച നടപടികൾ വരെ ഉൾപ്പെടുന്ന സമഗ്ര സ്ഥിതിവിവരറിപ്പോർട്ട് സമർപ്പിയ്ക്കാനാണ് ജസ്റ്റിസ് പി ജ്യോതിമണി അദ്ധ്യക്ഷനായ ദേശീയ ഹരിതട്രൈബ്യൂണൽ സംസ്ഥാനസർക്കാരിനോട് നിർദേശിച്ചത്. മൂന്നാറിലെ കയ്യേറ്റമൊഴിപ്പിയ്ക്കൽ വീണ്ടും വിവാദവിഷയമായപ്പോൾ ഇടുക്കി ജില്ലാകലക്ടർ മുഖ്യമന്ത്രിയ്ക്ക് കയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട് നൽകിയ റിപ്പോർട്ടിൽ രണ്ട് പട്ടികകളാണുള്ളത്. 

എംഎം മണിയുടെ സഹോദരപുത്രൻ ലിജീഷ് ലംബോധരൻ, ടോമിൻ തച്ചങ്കരിയുടെ സഹോദരൻ ടിസിൻ തച്ചങ്കരി, സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസ്, പാപ്പാത്തിച്ചോലയിൽ കുരിശ് നാട്ടി വിവാദത്തിലായ വെള്ളുക്കുന്നേൽ കുടുംബത്തിലെ ജിമ്മി സക്കറിയ എന്നിങ്ങനെ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ബന്ധുക്കളുടെയും പള്ളികളുടെയും എസ്എൻഡിപി യൂണിയന്‍റെയും ഉൾപ്പടെ 157 പേരുകളുള്ളതാണ് ഒരു പട്ടിക. 

രണ്ടാമത്തേത് 2012 ലെ ഹൈക്കോടതി ഉത്തരവ് പ്രകാരം പഞ്ചായത്തിൽ നിന്ന് എൻഒസി വാങ്ങാത്ത 330 കെട്ടിടങ്ങളുടേതാണ്. ഇതിൽ രണ്ടാമത്തെ പട്ടിക മാത്രമാണ് സംസ്ഥാനസർക്കാർ ഹരിതട്രൈബ്യൂണലിൽ സമർപ്പിച്ചിരിയ്ക്കുന്നത്. പ്രാഥമികപട്ടികമാത്രമാണിതെന്ന് സർക്കാർ ആമുഖത്തിൽ പറയുന്നുണ്ടെങ്കിലും റവന്യൂവകുപ്പിന്‍റെ പക്കലുള്ള ഒരു പട്ടിക മാത്രം എൻജിടിയ്ക്ക് മുൻപാകെ സമ‍ർപ്പിയ്ക്കാതെ എന്തിന് പൂഴ്ത്തിയെന്നതിന് സർക്കാർ മറുപടി പറയേണ്ടിവരും.
 

Follow Us:
Download App:
  • android
  • ios