Asianet News MalayalamAsianet News Malayalam

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സുബ്രഹ്മണ്യന്‍ സ്വാമിക്ക് തിരിച്ചടി

National Herald case; Court against Swami
Author
First Published Jul 12, 2016, 12:08 PM IST

ന്യൂ‍ഡല്‍ഹി: സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും പ്രതിക്കൂട്ടിലാക്കിയ നാഷണൽ ഹെറാൾഡ് കേസിൽ മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിക്ക് തിരിച്ചടി. കോൺഗ്രസിന്‍റെയും, അസോസിയേറ്റഡ് ജേർണൽ പ്രൈവറ്റ് ലിമിറ്റഡിന്‍റേയും ബാലൻസ് ഷീറ്റ്, കേസ് പരിഗണിച്ച കോടതിയിൽ ഹാജരാക്കണമെന്ന വിചാരണ കോടതിയുടെ ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി.

കോൺഗ്രസിന്‍റേയും അസോസിയേറ്റഡ് ജേർണലിന്‍റേയും സാമ്പത്തിക വിവരങ്ങളടങ്ങിയ രേഖകൾ ആവശ്യപ്പെട്ട് മാർച്ച് ഒന്നിനാണ് സുബ്രഹ്മണ്യൻ സ്വാമി കോടതിയെ സമീപിച്ചത്. മാർച്ച് 11ന് സുബ്രഹ്മണ്യൻ സ്വാമിയുടെ ഹർജി പരിഗണിച്ച കോടതി ബാലൻസ് ഷീറ്റ് നൽകാൻ കേന്ദ്ര ധനകാര്യ മന്ത്രാലയത്തോടും നികുതി വകുപ്പിനോടും നിർദേശിച്ചിരുന്നു. കേസിൽ അന്വേഷണം നടത്തുന്നതിന് വേണ്ടിയായിരുന്നു രേഖകൾ ആവശ്യപ്പെടുന്നതെന്നായിരുന്നു സുബ്രഹ്മണ്യൻ സ്വാമിയുടെ നിലപാട്. ഈ ആവശ്യമാണ് കോടതി ഇന്ന് തള്ളിയത്.

എട്ട് വര്‍ഷം മുമ്പ് അടച്ചുപൂട്ടിയ പത്രം വീണ്ടും പ്രസിദ്ധീകരിക്കുന്നതിനുള്ള നീക്കങ്ങള്‍ക്കിടയിലാണ് കോടതി വിധി. കോൺഗ്രസ് അധ്യക്ഷ സോണയഗാന്ധിയും  ഉപാധ്യക്ഷൻ രാഹുല്‍ ഗാന്ധിയും ചില കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്ന് പത്രത്തിന്റെ കോടിക്കണക്കിന് രൂപയുടെ വിലമതിക്കുന്ന സ്വത്തുക്കള്‍ തട്ടിയെടുത്തു എന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണങ്ങളെ തുടര്‍ന്നാണ് നാഷണല്‍ ഹെറാള്‍ഡ് അടുത്തകാലത്ത് വാര്‍ത്തകളില്‍ നിറയുന്നത്. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവർക്ക് പുറമെ മോട്ടിലാൽ വോറ, ഒസ്കാർ ഫെർണാണ്ടസ്, സാം പിട്രോട, സുമൻ ഡുബെ എന്നിവരും കേസിൽ പ്രതികളാണ്. 2012ലാണ് നാഷണൽ ഹെറാൾഡ് കേസുമായി സുബ്രഹ്മണ്യൻ സ്വാമി കോടതിയെ സമീപിക്കുന്നത്.

1938ൽ ജവഹര്‍ലാല്‍ നെഹ്രു സ്ഥാപിച്ച നാഷണൽ ഹെറാൾഡ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 2008ലാണ് അടച്ചു പൂട്ടിയത്. ക്വിറ്റ് ഇന്ത്യാ സമരകാലത്ത് ബ്രിട്ടീഷുകാര്‍ നിരോധിച്ച പത്രം പിന്നീട് നിരവധി തവണ പൂട്ടിപ്പോയിരുന്നു. ജവഹർലാൽ നെഹ്റുവിന്റെ നേതൃത്വത്തിൽ അസോസിയേറ്റഡ് ജേൺൽ ലിമിറ്റഡ് എന്ന കമ്പിനിയായിരുന്നു നാഷണൽ ഹെറാൾഡിന്‍റെ ഉടമസ്ഥർ. ഈ കമ്പിനിയെ യെങ് ഇന്ത്യ എന്ന മറ്റൊരു കമ്പിനി രൂപീകരിച്ച്  സോണയഗാന്ധിയും  ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും ശ്രമിച്ചുവെന്നാരോപിച്ചാണ് സുബ്രമണ്യന്‍ സ്വാമി കോടതിയെ സമീപിച്ചത്. നാഷണൽ ഹെറാൾഡ് ദിനപത്രത്തിന്റെ ഉടമസ്ഥരായ അസ്സോസ്സിയേറ്റഡ് ജേണൽസ് ലിമിറ്റഡ് എന്ന കമ്പനിക്ക്, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 90 കോടി ഇന്ത്യൻ രൂപ പലിശ രഹിത വായ്പയായി കൊടുത്തുവെന്നും, ഈ തുക ഇതു വരെ തിരിച്ചടച്ചിട്ടില്ലെന്നും സ്വാമിയുടെ പരാതിയിൽ പറയുന്നു. ഇത് വരുമാന നികുതി നിയമത്തിലെ , 269T വകുപ്പു പ്രകാരം കുറ്റകരമാണെന്നും മെട്രോപോലിറ്റൻ മജിസ്ട്രേറ്റിനു മുമ്പാകെ കൊടുത്ത പരാതിയിൽ സ്വാമി ആരോപിച്ചിരുന്നു. 2010 ൽ അഞ്ചു ലക്ഷം രൂപാ മൂലധനം കൊണ്ടു രൂപീകരിച്ച യങ് ഇന്ത്യ എന്ന കമ്പനി കോടിക്കണക്കിനു രൂപയുടെ സ്വത്തുള്ള അസ്സോസ്സിയേറ്റഡ് ജേണൽസ് ലിമിറ്റഡ് എന്ന കമ്പനിയെ കൈവശപ്പെടുത്തിയതു വഴി, സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ഗുരുതരമായ നിയമലംഘനം നടത്തിയെന്നും സ്വാമിയുടെ പരാതിയിൽ പറയുന്നു.

അസോസിയേറ്റഡ് ജേൺൽ ലിമിറ്റഡിന്റെ 38 ശതമാനം ഓഹരി വീതം സോണിയഗാന്ധിക്കും രാഹുൽഗാന്ധിക്കുമാണ്. മോത്തിലാൽ വോറ, ഓസ്ക്കാർ ഫെർണാണ്ടസ് എന്നിവർക്ക് 24 ശതമാനം വീതം ഓഹരിയുമുണ്ട്. കോൺഗ്രസ് നേതാവ് മോത്തിലാൽ വോറയാണ് എജെഎല്ലിന്റെ ഇപ്പോഴത്തെ ചെയർമാൻ. നാഷണല്‍ ഹെറാള്‍ഡിനൊപ്പം  പ്രസിദ്ധീകരിച്ചിരുന്ന ഉറുദു ദിനപത്രം ഖ്വാമി ആവാസ്, ഹിന്ദി ദിനപത്രം നവജീവൻ എന്നീ പത്രങ്ങളും നിലച്ചിരുന്നു. ഈ മാസം അവസാനത്തോടെ ഈ പ്രസിദ്ധീകരണങ്ങളുടെയെല്ലാം പുന:പ്രസിദ്ധീകരണം ഉണ്ടാകുമെന്നാണ് സൂചനകള്‍.

 

 

Follow Us:
Download App:
  • android
  • ios