മലപ്പുറം: ദേശീയപാത വികസനത്തോടനുബന്ധിച്ച് ഭൂമി ഏറ്റെടുക്കുന്നതിന്‍റെ ഭാഗമായി ഭൂവുടമകളുടെ ഹിയറിംഗ് മലപ്പുറം കോട്ടക്കലില്‍ തുടങ്ങി. ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച നഷ്ടപരിഹാര പാക്കേജ് സ്വീകാര്യമായതോടെ ബഹിഷ്ക്കരണ സമരത്തില്‍ നിന്ന് സമരസമിതി പിൻമാറി. കുറ്റിപ്പുറം വില്ലേജിലെ ഭൂവുടമകളുടെ ഹിയറിംഗാണ് ആദ്യം തുടങ്ങിയത്. ഭൂവുടമകളില്‍ നിന്ന് സ്ഥലം, കെട്ടിടം, വ്യക്ഷങ്ങള്‍ ഉള്‍പ്പടെ ദേശീയപാത വികസനത്തിന് ഏറ്റെടുക്കുന്ന എല്ലാ വസ്തുവകകളുടേയും കണക്കും രേഖകളും ജില്ലാ ഭരണകൂടം വാങ്ങി പരിശോധിച്ചു. 

ആധാരങ്ങളുടേയും പട്ടയങ്ങളുടേയും പകര്‍പ്പുകള്‍ ഭൂവുടമകളില്‍ നിന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ വാങ്ങിവച്ചു. സ്ഥലത്തിനും കെട്ടിടങ്ങള്‍ക്കും കൃഷിക്കും മരങ്ങള്‍ക്കുമെല്ലാം വിവിധ കാറ്റഗറികളില്‍ പ്രത്യേകം പ്രത്യേകം കണക്കൂകൂട്ടി നഷ്ടപരിഹാര തുക  ബോധ്യപെടുത്തിയപ്പോള്‍ ഭൂവുടമകള്‍ക്കും ആശ്വാസം. 

ഹിയറിംഗ് ബഹിഷ്ക്കരിച്ചുള്ള പ്രതിഷേധത്തിന് ആദ്യം ആഹ്വാനം ചെയ്തെങ്കിലും ജില്ലാ കലക്ടറുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് സമരസമിതി പിൻമാറി. ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച ഉയര്‍ന്ന നഷ്ടപരിഹാരം ഭൂവുടമകള്‍ക്ക് കിട്ടുമോയെന്ന ആശങ്ക സമരസമിതി പങ്കുവച്ചു. ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കി അടുത്തമാസം അവസാനത്തോടെ ഭൂമി ദേശീയപാത അതോറിറ്റിക്ക് കൈമാറുന്ന വിധത്തിലാണ് ജില്ലാഭരണകൂടം ദേശീയ പാത വികസന പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.