കോട്ടയത്തെ കെവിന്‍റെ കൊലപാതകം ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന സര്‍‍ക്കാരിന് നോട്ടീസയച്ചു നാലാഴ്ച്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് ആവശ്യം
കോട്ടയം: കെവിന്റെ കൊലപാതകത്തില് ദേശീയ മനുഷ്യാവകാശ കമ്മീഷന് സംസ്ഥാന സര്ക്കാരിന് നോട്ടീസയച്ചു. നാലാഴ്ച്ചയ്ക്കകം വിശദീകരണം നല്കണമെന്ന് ആവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നോട്ടീസ് അയച്ചിരിക്കുന്നത്.
മനുഷത്വരഹിതമായ നീക്കങ്ങളാണ് അരങ്ങേറിയത്. ഇത്തരം ഹീനമായ പ്രവര്ത്തനങ്ങളില് നിന്ന് ജനങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാന സര്ക്കാരിന് ഉണ്ടെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന് ചൂണ്ടികാട്ടി. നേരത്തെ ദേശീയ ന്യൂനപക്ഷ കമ്മീഷനും പട്ടിക ജാതി കമ്മീഷനും സര്ക്കാരിനോട് വിശദീകരണം തേടിയിരുന്നു.
അതേസമയം, കെവിൻ കൊലക്കേസിൽ അറസ്റ്റിലായ പൊലീസുകാര് പ്രതി ഷാനുവിൽ നിന്നും കൈക്കൂലി വാങ്ങിയെന്ന് സമ്മതിച്ചതായി ഐ ജി വിജയ് സാക്കറെ അറിയിച്ചു. കസ്റ്റഡിയിലായ എ എസ് ഐയുടേയും ഡ്രൈവറുടേയും അറസ്റ്റ് ഇന്നാണ് രേഖപ്പെടുത്തിയത്. തട്ടികൊണ്ട് പോകലിൽ ഇവർക്ക് പങ്കുള്ളതായി തെളിഞ്ഞിട്ടില്ല. കുറ്റകൃത്യത്തിനായി ഷാനുവിനെ ഇവര് സഹായിച്ചതായി തെളിവില്ലെന്നാണ് പൊലീസ് വിശദികരിക്കുന്നത്.
കേസില് അറസ്റ്റിലായ മറ്റ് പ്രതികൾക്കെതിരെ കൊലപാതകം, അതിക്രമിച്ച് കയറൽ, നാശനഷ്ടം വരുത്തൽ, തട്ടികൊണ്ട് പോകൽ, ഗൂഡാലോചന, മർദ്ദനം എന്നീ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ആയുധം ഉപയോഗിച്ചുള്ള ആക്രമണം ഉൾപ്പെടുത്തിയിട്ടില്ല. കേസിൽ ഇതുവരെ 9 പേരാണ് അറസ്റ്റിലായത്. ഇനി നാല് പേർ കൂടി പിടിയിലാവാനുണ്ട്.
