ദില്ലി: സിനിമാ തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയ 2016 നവംബറിലെ ഉത്തരവ് തല്‍ക്കാലം നടപ്പാക്കരുതെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഇന്നലെയാണ് കേന്ദ്രം പുതിയ സത്യവാങ്മൂലം നല്‍കിയത്. ദേശീയ ഗാനം കേള്‍പ്പിക്കണോയെന്ന് തീരുമാനിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന് കോടതി നേരത്തെ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക സമിതി രൂപീകരിച്ചെന്നും ആറുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിക്കുക.