ജലന്ധര്‍ ബിഷപ്പിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രീയെ അപമാനിക്കുന്ന രീതിയില്‍ പ്രസ്താവന നടത്തിയ പിസി ജോര്‍ജ് എംഎല്‍എയോട് ദേശീയ വനിതാ കമ്മീഷന് മുന്നില്‍ ഹാജരാകാന്‍ ഉത്തരവ്. ദില്ലിയിലെ വനിതാ കമ്മീഷന്‍ ഓഫീസില്‍ ഈ മാസം 20ന് നേരിട്ട് ഹാജരാകാനാണ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ ഇറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ദില്ലി: ജലന്ധര്‍ ബിഷപ്പിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രീയെ അപമാനിക്കുന്ന രീതിയില്‍ പ്രസ്താവന നടത്തിയ പിസി ജോര്‍ജ് എംഎല്‍എയോട് ദേശീയ വനിതാ കമ്മീഷന് മുന്നില്‍ ഹാജരാകാന്‍ ഉത്തരവ്. ദില്ലിയിലെ വനിതാ കമ്മീഷന്‍ ഓഫീസില്‍ ഈ മാസം 20ന് നേരിട്ട് ഹാജരാകാനാണ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ ഇറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കന്യാസ്ത്രീക്കെതിരായി 'അവര്‍ വേശ്യയാണ്' എന്ന പരാമര്‍ശം വിവിധ ദേശീയ മാധ്യമങ്ങളില്‍ കാണാനിടയായി. സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ ശക്തമായി അപലപിക്കുന്നു. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന ആള്‍ മോശമായ രീതിയിലുള്ള ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് തീര്‍ത്തും അപലപനീയമാണ്.
സംഭവത്തിന്‍റെ ഗൗരവം ഉള്‍ക്കൊണ്ട് വനിതാ കമ്മീഷന് മുന്നില്‍ വിശദീകരണം നല്‍കണം. വിശദീകരണം നല്‍കാനായി ദില്ലിയിലെ പ്ലോട്ട് -21 ജസോല ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഏരിയ 110025 എന്ന വിലാസത്തില്‍ ഹാജരാകാന്‍ നിര്‍ദേശിക്കുന്നതുമായാണ് ഉത്തരവില്‍ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയേയും ഇവരെ പിന്തുണച്ചവരേയും ആക്ഷേപിച്ച് പൂഞ്ഞാര്‍ എംഎല്‍എ പി.സി.ജോര്‍ജ് രംഗത്തത്തിയത്. ചില അപഥ സഞ്ചാരിണികള്‍ സ്ത്രീസുരക്ഷാ നിയമം മുതലെടുക്കുന്നുവെന്നും കന്യാസ്ത്രീകള്‍ ഹൈക്കോടതിക്ക് മുന്‍പില്‍ സമരം നടത്താതെ ഒരു ഹര്‍ജി കൂടി നല്‍കണമെന്നുമായിരുന്നു പിസിജോര്‍ജ് പറഞ്ഞത്.
ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ ബന്ധുക്കൾ കോടനാട് വലിയ വീടും ഷോപ്പിംഗ് കോംപ്ലക്സും വച്ചത് വെറും മൂന്ന് കൊല്ലം കൊണ്ടാണ്. ബിഷപ്പിനെതിരായ പരാതിയില്‍ കന്യാസ്ത്രീക്ക് വേണ്ടി സമരത്തിനിറങ്ങിയ കന്യാസ്ത്രീകള്‍ സഭയില്‍ നിന്നും വേറിട്ടു നില്‍ക്കുന്നുവരാണെന്നും പിസി ജോര്‍ജ് ആരോപിച്ചിരുന്നു.
പിസി ജോര്‍ജിനെതിരെയുള്ള ദേശീയ വനിതാ കമ്മീഷന്‍റെ വിമര്‍ശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് വനിതാ കമ്മീഷന്‍ തന്‍റെ മൂക്ക് ചെത്തുമോയെന്നായിരുന്നു പിസിയുടെ മറുപടി. പീഡനപരാതിയില്‍ കൃത്യമായി തെളിവില്ലാതെ പികെ.ശശി എംഎല്‍എയ്ക്കെതിരെ കേസെടുക്കരുതെന്നും നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഇരയാണെന്നും പിസി ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
