ചെന്നൈ: നിലമ്പൂര്‍ വനത്തില്‍ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയ മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജിന്റെ മൃതദ്ദേഹം കൃഷ്ണഗിരിയിലെ വീട്ടിലേക്ക് കൊണ്ടുവരാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍. തമിഴ്‌നാട് പൊലീസിന്റെ നിരന്തര നിരീക്ഷണത്തിലാണ് കൃഷ്ണഗിരിയിലെ കുപ്പു ദേവരാജിന്റെ സഹോദരിയുടെ വീട്.

കൃഷ്ണഗിരി ചെട്ടിയാംപട്ടി അംബേദ്കര്‍ കോളനിയിലുള്ളവരെല്ലാം ഞെട്ടലിലാണ്. മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജിനെ കഴിഞ്ഞ ദിവസം കേരളത്തില്‍ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയെന്ന വാര്‍ത്ത പുറത്ത് വന്നതിന് ശേഷം സഹോദരി ആരോഗ്യത്തിന്റെ വീടിന് മുന്നില്‍ തമിഴ്‌നാട് പൊലീസിന്റേയും രഹസ്യാന്വേഷണ വിഭാഗത്തിന്റേയും കാവലുണ്ട്. വീട്ടിലേക്കെത്തുന്നവരെക്കുറിച്ച് എല്ലാ വിവരങ്ങളും ഇവര്‍ ശേഖരിക്കുന്നു. കുപ്പുവിനെ കണ്ട ഓര്‍മ്മയുള്ളവര്‍ ആരും ഇന്ന് കോളനിയില്‍ ഇല്ല.

പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ കൃഷ്ണഗിരി ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. കുപ്പുവിന്റെ മൃതദ്ദേഹം വീട്ടിലേക്ക് കൊണ്ടുവരാന്‍ അനുവദിക്കില്ലെന്നും നാട്ടുകാര്‍ വ്യക്തമാക്കി.

മാധ്യമപ്രവര്‍ത്തകരാണെന്ന് അറിയിച്ചതോടെ കുപ്പുവിന്റെ സഹോദരി വാതില്‍ അടച്ചു.