രണ്ട് ഓഫറുകളാണ് സിദ്ധുവിന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരിക്കുന്നതെന്നാണ് സൂചന. ഭാര്യ നവ്ജ്യോത് കൗര്‍ പ്രതിനിധീകരിച്ചിരുന്ന അമൃതസര്‍ ഈസ്റ്റ് നിയമസഭാ മണ്ഡലത്തിലോ അല്ലെങ്കില്‍ അമൃതസര്‍ പാര്‍ലമെന്റ് മണ്ഡലത്തിലോ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാന്‍ അദ്ദേഹത്തിന് അവസരം നല്‍കും. ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാനാണ് സിദ്ധുവിനോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. സത്‍ലജ്-യമുന ലിങ്ക് കനാല്‍ വിവാദങ്ങളില്‍ അകപ്പെട്ട പഞ്ചാബ് കോണ്‍ഗ്രസ് പ്രസിഡന്റ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് അടുത്തിടെയാണ് അമൃതസര്‍ എം.പി സ്ഥാനം രാജിവെച്ചത്. ഫെബ്രുവരി നാലിനാണ് പഞ്ചാബിലെ നിയമസഭാ തെരഞ്ഞെടുപ്പ്. അതിനൊപ്പം തന്നെ അമൃതസര്‍ ലോക്സഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പും നടക്കും.

ബി.ജെ.പിയുടെ മുന്‍ എം.പി കൂടിയായിരുന്ന സിദ്ധു തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് തീരുമാനിച്ചാല്‍ അമൃതസര്‍ ഈസ്റ്റ് നിയമസഭാ മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയെ രംഗത്തിറക്കാണ് കോണ്‍ഗ്രസിന്റെ തീരുമാനം. അങ്ങനെയെങ്കില്‍ പ്രചാരണത്തില്‍ സിദ്ധുവിനെ സംസ്ഥാനത്തുടനീളം ഉപയോഗിക്കാമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. കഴിഞ്ഞ സെപ്തംബറില്‍ നേതൃത്വവുമായി പിണങ്ങിപ്പിരിഞ്ഞ് ബി.ജെ.പി വിട്ട സിദ്ധു, കോണ്‍ഗ്രസുമായും ആം ആദ്മി പാര്‍ട്ടിയുമായും ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കണമെന്ന സിദ്ധുവിന്റെ ആവശ്യം തള്ളിയതോടെയാണ് അദ്ദേഹം ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് അകന്നത്. നവംബറില്‍ തന്നെ അദ്ദേഹത്തിന്റെ ഭാര്യ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ജനുവരി 10ന് സോണിയാ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ വെച്ച് കോണ്‍ഗ്രസ് സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കോണ്‍ഗ്രസ് പൂര്‍ത്തിയാക്കും.