കൊല്ലം പരവൂര്‍ പൂറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ പെട്ടവര്‍ക്ക് അടിയന്തിര സഹായമെത്തിക്കാനും ചികിത്സാ നല്‍കാനും നാവികസേനാ സംഘം കൊല്ലത്തേക്ക് തിരിച്ചു. സേനയുടെ രണ്ട് കപ്പലുകള്‍ ഒരു മണിക്കൂറിനകം കൊല്ലത്തെത്തും. പുറം കടലിലുള്ള രണ്ട് കപ്പുലുകളോട് അടിയന്തിരമായി കൊല്ലം തീരത്ത് എത്തിച്ചേരാന്‍ ദക്ഷിണ നാവിക സേനാ ആസ്ഥാനത്ത് നിന്ന് നിര്‍ദ്ദേശം നല്‍കി. ഇതിന് പുറമേ നേവിയുടെ ഹെലികോപ്റ്ററുകളും കൊല്ലത്ത് എത്തും. വിദഗ്ദ ചികിത്സ ആവശ്യമുള്ളവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റാന്‍ ഇവ ഉപയോഗിക്കും. ഉച്ചയ്ക്ക് ശേഷം കേരളത്തിലെത്തുന്ന പ്രധാനമന്ത്രിക്കൊപ്പം വിദഗ്ദ ഡോക്ടര്‍മാരും കേരളത്തിലെത്തും. പരിക്കേറ്റ് ആശുപത്രികളിലുള്ളവര്‍ക്ക് ഇവര്‍ ചികിത്സ നല്‍കും. വിമാനത്താവളത്തിലും മറ്റും പ്രധാനമന്ത്രിക്ക് പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള സ്വീകരണം ഒരുക്കേണ്ടതില്ലെന്ന് അദ്ദേഹം സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്.