ഇസ്‌ലാമാബാദ്: കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ സ്വാത്രന്ത്ര്യ സമര സേനാനിയെന്നും കശ്മീരിലെ ജനങ്ങളുടെ അഭിമാനമെന്നും വിശേഷിപ്പിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. പാകിസ്താന്‍ മുസ്‌ലിം ലീഗിന്റെ കേന്ദ്ര വര്‍ക്കിങ് കമ്മിറ്റി യോഗത്തിലാണ് നവാസ് ഷെരീഫിന്റെ പ്രകോപനപരമായ വാക്കുകള്‍.

കശ്മീരിന്‍റെ സ്വാതന്ത്ര്യത്തിനായി പോരാടുന്നതില്‍ നിന്നും പാകിസ്താനെ പിന്തിരിപ്പികാന്‍ ലോകത്ത് ഒരു ശക്തിയ്ക്കും കഴിയില്ലെന്നും കശ്മീര്‍ ജനത സ്വതന്ത്ര്യത്തിനായാണ് പൊരുതുന്നതെന്നും പാകിസ്താന്‍ കശ്മീരിലെ ജനങ്ങളെ സഹായിക്കുന്നത് തുടരുമെന്നും നവാസ് ഷെരീഫ് പറഞ്ഞു. കശ്മീരി ജനതയുടെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണാന്‍ അവരെ സഹായിക്കുന്നതില്‍ ലോകത്തിലെ ഒരു ശക്തിക്കും ഞങ്ങളെ തടയാന്‍ സാധിക്കില്ലെന്നും ഷെരീഫ് പ്രഖ്യാപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

സ്വാതന്ത്ര സമര പോരാട്ടങ്ങളെ തീവ്രവാദമാക്കി ചിത്രീകരിക്കുന്നത് ഇന്ത്യയുടെ തെറ്റാണെന്നു പറഞ്ഞ നവാസ് ഷെരീഫ് ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ചു. പാകിസ്താന്‍ സര്‍ക്കാര്‍ തീവ്രവാദം ഉള്‍പ്പെടെയുള്ള വിഷയങ്ങളെ ശക്തമായി ചെറുക്കുമെന്നും കപട രാഷ്ട്രീയവാദത്തിന്റെ പേരില്‍ രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും ഷെരീഫ് യോഗത്തില്‍ പറഞ്ഞു.