തിരുവനന്തപുരം: ഫോണ്‍കെണി കേസില്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെ എ.കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്തേയ്‌ക്ക് തിരിച്ചെത്തുമെന്ന് ഉറപ്പിച്ച് എന്‍.സി.പി. കുറ്റവിമുക്തനായാല്‍ ശശീന്ദ്രന്‍ മന്ത്രിയാകുമെന്ന് എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരനും അശുഭ ചിന്തകളില്ലെന്ന് ശശീന്ദ്രനും പ്രതികരിച്ചു.അതേസമയം, ശശീന്ദ്രന്‍റെ മന്ത്രിസഭാ പുനപ്രവേശം പ്രതിപക്ഷം സര്‍ക്കാരിനെതിരായ രാഷ്‌ട്രീയ അയുധമാക്കും.
പരാതിക്കാരി മൊഴി നല്‍കിയില്ല. ഫോണ്‍വിളിയുടെ സമ്പൂര്‍ണ ശബ്ദരേഖ ചാനല്‍ കൈമാറിയില്ല. ഈ സാഹചര്യത്തില്‍ പി.എസ് ആന്‍റണി കമ്മിഷന്‍ റിപ്പോര്‍ട്ട് എതിരാകില്ലെന്ന ഉറച്ച പ്രതീക്ഷയിലാണ് എ.കെ ശശീന്ദ്രനും എന്‍.സി.പിയും. രാജ്യത്തുള്ള ഏക മന്ത്രിപദം നഷ്‌ടമാകാതിരക്കാനാണ് തോമസ് ചാണ്ടിയുടെ രാജിയ്‌ക്ക് തടയിടാന്‍ എന്‍.സി.പി പഠിച്ച പണി പതിനെട്ടടവും പയറ്റിയത്. ശശീന്ദ്രനോ തോമസ് ചാണ്ടിയോ രണ്ടു പേരില്‍ ആദ്യം കുറ്റവിമുക്തനാകുന്ന ആള്‍ക്ക് മന്ത്രിസ്ഥാനം വേണമെന്നാവശ്യമാണ് പാര്‍ട്ടി മുഖ്യമന്ത്രിക്ക് മുമ്പാകെ വച്ചത്. ആവശ്യം നടപ്പാകുമെന്ന് എന്‍.സി.പി ഉറപ്പിക്കുന്നു.
ശശീന്ദ്രന്‍ കുറ്റവിമുക്തനാകുമെന്ന് പാര്‍ട്ടി നേതൃത്വം ഉറച്ചു വിശ്വസിക്കുന്നു. ദേശീയ അധ്യക്ഷന്‍ ശരദ്പവാറുമായി ചര്‍ച്ച നടത്തിയ ശേഷമാണ് എ.കെ ശശീന്ദ്രന്‍ മന്ത്രിയാകുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പ്രഖ്യാപിക്കുന്നത്. എ.കെ ശശീന്ദ്രനെതിരെ നല്‍കിയ സ്വാകാര്യ അന്യായം പിന്‍വലിക്കാന്‍ അനുമതി ആവശ്യപ്പെട്ട് പരാതിക്കാരെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട് . നിയമപരമായ തീര്‍പ്പ് അനുകൂലമായാലും മന്ത്രിപദത്തിലേയ്‌ക്കുള്ള എ.കെ ശശീന്ദ്രന്‍റെ മടങ്ങിവരവിലെ ധാര്‍മിക പ്രശ്നം ഉയര്‍ത്തി പ്രതിപക്ഷം എതിര്‍ക്കും.
പ്രതിപക്ഷത്തിനെതിരെ സോളാര്‍ പ്രയോഗിക്കുമ്പോള്‍ ശശീന്ദ്രന്‍റെ മടങ്ങിവരവെന്ന ധാര്‍മിക പ്രശ്നത്തെ ഇടതു മുന്നണിക്ക് വിശദമായി പരിശോധിക്കേണ്ടി വരും. ഇക്കാര്യത്തില്‍ ഘടടകക്ഷികളെടുക്കുന്ന നിലപാട് നിര്‍ണായകവുമാകും. എന്‍.സി.പിക്ക് മന്ത്രിസ്ഥാനം മടക്കി കൊടുക്കാന്‍ സ്വീകരിക്കുന്ന വഴികളെ ചൊല്ലി മുന്നണിയില്‍ മുറുമുറുപ്പുണ്ട്.
