തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ മന്ത്രിസ്ഥാനം ഉടനെന്ന് സൂചന. ഫോണ്‍വിളി വിവാദത്തില്‍ കുരുങ്ങി ഏകെ ശശീന്ദ്രന്‍ രാജി വച്ച സാഹചര്യത്തില്‍ കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിയെ പകരം മന്ത്രിയായി തീരുമാനിച്ച് കൊണ്ടുള്ള കത്ത് എന്‍സിപി നേതാക്കള്‍ ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും. 

ഒന്‍പതരയോടെ സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ പറഞ്ഞു. പകരം മന്ത്രി തീരുമാനമായ സാഹചര്യത്തില്‍ സത്യപ്രതിജ്ഞ വൈകിക്കേണ്ടതില്ലെന്ന നിലപാടാണ് എന്‍സിപിക്ക് . ഇടത് മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വനുമായും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും എന്‍സിപി നേതൃത്വം കൂട്ടിക്കാഴ്ച നടത്തുന്നുണ്ട്. 

ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും പകരം മന്ത്രി വിഷയം ചര്‍ച്ചയാകും. തോമസ് ചാണ്ടിയെ മന്ത്രി സ്ഥാനത്തേക്ക് എന്‍സിപി ദേശീയ സംസ്ഥാന നേതൃത്വങ്ങള്‍ നിര്‍ദ്ദേശിച്ച സാഹചര്യത്തില്‍ സിപിഎമ്മിനകത്തും മുന്നണിക്കകത്തും ഇക്കാര്യത്തില്‍ എതിരഭിപ്രായമുണ്ടാകാനിടയില്ല