തിരുവനന്തപുരം: എ.കെ ശശീന്ദ്രന്റെ രാജിയെ തുടര്‍ന്ന് പുതിയ മന്ത്രിയെ ചൊല്ലി എന്‍.സി.പിയില്‍ ആശയക്കുഴപ്പം. പുതിയ സാഹചര്യത്തില്‍ തോമസ് ചാണ്ടി മന്ത്രിയാകുന്ന കാര്യത്തില്‍ അവ്യക്തത. എന്‍.സി.പി നേതാക്കള്‍ രാവിലെ 9.30ന് മുഖ്യമന്ത്രിയെ കാണും. 

തോമസ് ചാണ്ടിയുടെ മന്ത്രിസ്ഥാനം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായാണ് രാവില 9.30ന് എന്‍.സി.പി നേതാക്കള്‍ മുഖ്യമന്ത്രിയെ കാണാന്‍ തീരുമാനിച്ചിരുന്നത്. അതിന് ശേഷം 11.30ന് സിപിഎം സംസ്ഥാന കമ്മിറ്റി യോഗവും. പിന്നീട് ആവശ്യമെങ്കില്‍ എല്‍.ഡി.എഫ് യോഗവും ചേരാനായിരുന്നു ധാരണ. എന്നാല്‍ എ.കെ ശശീന്ദ്രന്റേതെന്ന പേരിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവിട്ട ചാനല്‍ ഇന്നലെ രാത്രി അദ്ദേഹത്തെ കുടുക്കിയതാണെന്ന് സമ്മതിച്ചതോടെയാണ് ഈ സാഹചര്യത്തിന് മാറ്റം വന്നത്. എന്തുകൊണ്ട് എ.കെ. ശശീന്ദ്രനെ തന്നെ മന്ത്രിസഭയിലേക്ക് തിരിച്ചുകൊണ്ടുവന്നൂകൂട എന്നാണ് ഒരുവിഭാഗം നേതാക്കളുടെ അഭിപ്രായം. 

തോമസ് ചാണ്ടിയെ പോലൊരു വ്യവസായ പ്രമുഖന്‍ മന്ത്രിസഭയില്‍ എത്തുന്നതില്‍ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും അനുകൂല അഭിപ്രായവുമില്ല. ഈ സാഹചര്യത്തില്‍ എ.കെ ശശീന്ദ്രനെ തന്നെ മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരാമെന്നും അല്ലെങ്കില്‍ പിന്നീട് കാര്യങ്ങള്‍ ആലോചിച്ച് തീരുമാനിക്കാമെന്നൊക്കെയുള്ള ധാരണയാണ് ഇപ്പോള്‍ സിപിഎമ്മിനും ഉള്ളത്. ഈ സാഹചര്യത്തിലാണ് അടിയന്തരമായി എല്‍.ഡി.എഫ് യോഗം രാവിലെ 11.30ന് ചേരാന്‍ തീരുമാനിച്ചത്. എന്നാല്‍ രാവിലെ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ എന്‍.സി.പി നേതൃത്വം ആരുടെ പേര് പറയുമെന്ന് വ്യക്തമല്ല.