ദില്ലി: ഫോൺ കെണിക്കേസിൽ കോടതി കുറ്റവിമുക്​തനാക്കിയ എ.കെ ശശീന്ദ്രനെ മന്ത്രിയാക്കണമെന്ന് എന്‍സിപി ദേശീയ നേതൃത്വം. ഇക്കാര്യം ഉന്നയിച്ച് നാളെ തന്നെ മുഖ്യമന്ത്രിക്ക് കത്തയക്കും. എത്രയും വേഗം ശശീന്ദ്രന്‍ മന്ത്രിസഭയില്‍ തിരികെ എത്തണമെന്നും എന്‍സിപി ആവശ്യപ്പെട്ടു.

ദില്ലിയില്‍ ചേര്‍ന്ന എന്‍സിപി നേതൃയോഗത്തിന്‍റേതാണ് തീരുമാനം. ഫോണ്‍കെണികേസില്‍ കുറ്റവിമുക്തനായ എ.കെ ശശീന്ദ്രന്‍റെ മന്ത്രിസഭാ പുനഃപ്രവേശനം സംബന്ധിച്ചാണ് കേരള നേതാക്കള്‍ ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയത്.

കേസിൽ കഴിഞ്ഞ ശനിയാഴ്​ചയാണ്​ ശശീന്ദ്രനെ തിരുവനന്തപുരം സി.ജെ.എം കോടതി കുറ്റമുക്​തനാക്കിയത്​. ഇതോടെ ശശീന്ദ്രനെ മന്ത്രിസഭയിൽ തിരികെയെത്തിക്കാൻ എൻ.സി.പി ശ്രമം തുടങ്ങിയിരുന്നു. ഗതാഗത മന്ത്രിയായിരിക്കെ കഴിഞ്ഞ വർഷം മാർച്ച്​ 26നാണ്​ സ്വകാര്യ ചാനൽ ഒരുക്കിയ ഫോൺ കെണിയിൽ ശശീന്ദ്രൻ അകപ്പെട്ട്​ രാജിവെച്ചത്​. ചാനൽ പ്രവർത്തകയോട്​ നടത്തിയ അശ്ലീല സംഭാഷണം ചാനൽ പുറത്തുവിട്ടതോടെയാണ്​ ശശീന്ദ്രൻ രാജിവെച്ചത്​.