തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ബി-എന്‍സിപി ലയനത്തിനെതിരെ എന്‍സിപിയില്‍ ഭിന്നത ശക്തം. ശശീന്ദ്രന്‍ വിഭാഗത്തിന് പിന്നാലെ തോമസ് ചാണ്ടി പക്ഷവും എതിര്‍പ്പുയര്‍ത്തുന്നു. ലയന നീക്കം ഇന്നത്തെ ഭാരവാഹിയോഗത്തില്‍ ചര്‍ച്ചയാകില്ലെന്ന് സംസ്ഥാന പ്രസിഡണ്ട് ടിപി പീതാംബരന്‍ പറഞ്ഞപ്പോള്‍ ശക്തമായി ഉന്നയിക്കുമെന്ന് ട്രഷറര്‍ മാണി സി കാപ്പന്‍ പറഞ്ഞു.
പിള്ളയും ഗണേഷുമായുള്ള സഹകരണത്തില്‍ എതിര്‍പ്പ് ശശീന്ദ്രന് മാത്രമല്ല, ടിപി പീതാംബരന്‍ മുന്‍കയ്യെടുത്ത ലയന ചര്‍ച്ചകള്‍ക്ക് തോമസ് ചാണ്ടിയുടെ പിന്തുണയുണ്ടെന്നായിരുന്നു ആദ്യ സൂചന. എന്നാല്‍ രഹസ്യനീക്കങ്ങള്‍ സംസ്ഥാന അധ്യക്ഷന്‍ ഒറ്റക്ക് നടത്തിയെന്നാണ് ചാണ്ടിപക്ഷം കുറ്റപ്പെടുത്തുന്നത്. പാര്‍ട്ടിയില്‍ ആലോചിക്കാതെയുള്ള ചര്‍ച്ച ഭാരവാഹിയോഗത്തിന്റെ പ്രധാന അജണ്ടയാക്കണമെന്ന് തോമസ് ചാണ്ടി വിഭാഗത്തിലെ പ്രമുഖനായ മാണി സി കാപ്പന്‍ ആവശ്യപ്പെട്ടു
ഒഴിവുള്ള മന്ത്രിസ്ഥാനത്തിനായി ശശീന്ദ്രവിഭാഗവും ചാണ്ടി പക്ഷവും തമ്മില്‍ കടുത്ത മത്സരത്തിലാണ്. എന്നാല്‍ പുറത്തുനിന്നും ഗണേഷെത്തി മന്ത്രിയാകുന്നതിനെ ഇരുവിഭാഗവും എതിര്‍ക്കുന്നു.. വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ ടിപി പീതാംബരന്‍ യോഗത്തില്‍ എടുക്കുന്ന നിലപാടും നിര്‍ണ്ണായകമാകും. ദേശീയ നേതൃത്വത്തെ അറിയിച്ചുകൊണ്ടായിരുന്നു ടിപി പീതാംബരന്‍ പിള്ളയുമായി ചര്‍ച്ച നടത്തിയത്.
