ഉപതെരഞ്ഞെടുപ്പ് ഫലത്തിൽ പിണക്കം വിമര്‍ശിച്ച് ജെഡിയു ഇന്ധന വില വര്‍ദ്ധന തിരിച്ചടിയായി കോൺഗ്രസിന് ആത്മവിശ്വാസം മുന്നോട്ട് കുതിക്കുമെന്ന് ബിജെപി

ദില്ലി: ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ എൻഡിഎയിൽ പടലപ്പിണക്കം. ഇന്ധന വില വര്‍ദ്ധനയാണ് തോൽവിയ്ക്ക് പിന്നിലെന്ന് ജെഡിയു വിമര്‍ശിച്ചു. ശിവസേന ഇടഞ്ഞ സാഹചര്യത്തിൽ പ്രതീക്ഷയായിരുന്ന ജെഡിയുവിൽ നിന്ന് എതിര്‍ ശബ്ജമുയര്‍ന്നതാണ് ബിജെപി കേന്ദ്ര നേതൃത്വത്തെ അങ്കലാപ്പിലാക്കിയത്.

ബീഹാറിലെ ജോഹിഖട്ടിൽ സിറ്റിംഗ് നിയമസഭ സീറ്റ് നഷ്ടമായതാണ് ജെഡിയുവിനെ ചൊടിപ്പിച്ചത് ചൊടുപ്പിച്ചത്. അരാറിയ ഉപതെരഞ്ഞെടുപ്പിലും നേരത്തെ ജെഡിയുവിന് സീറ്റ് നഷ്ടമായിരുന്നു ബീഹാറിന് പ്രത്യേക പദവി, നോട്ട് നിരോധനം എന്നീ വിഷയങ്ങലിലെ ഭിന്നതകൾക്ക് പിന്നാലെയാണ് ഉപതെരഞ്ഞെടുപ്പ് തോൽവിയും ജെഡിയു ബിജെപി സഖ്യത്തിനിടയിൽ കല്ലുകടിയായത്. അതേസമയം, കോൺഗ്രസ് ആസ്ഥാനത്ത് ഇന്ന് ആത്മവിശ്വാസം പ്രകടമായി.

മോദി സര്‍ക്കാരിന്‍റെ അന്ത്യത്തിന്‍റെ തുടക്കം എന്നായിരുന്നു കോൺഗ്രസിന്‍റ പ്രതികരണം. പ്രതിപക്ഷ ഐക്യത്തിന്‍റെ വിജയം എന്നായിരുന്നു സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്‍റെ പ്രതികരണം. ബിജെപിയുടെ വോട്ട് വിഹിതം ഇടിഞ്ഞത് വരും തെരഞ്ഞെടുപ്പുകളിലും പ്രതിഫലിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. മുന്നോട്ട് കുതിക്കുന്നതിന് മുന്നോടിയായി രണ്ടടി പിന്നോട്ട് എന്ന മറുപടിയാണ് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് നൽകിയത്. പഞ്ചാബിൽ തോറ്റ അകാലിദളും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തെ കുറ്റപ്പെടുത്തി.