ബീജിംഗ്: ചൈനയില്‍ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം മുന്നൂറു കവിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. ദുരന്തബാധിത പ്രദേശങ്ങളില്‍ നിന്നും നൂറുകണക്കിനാളുകളെ കാണാതായിട്ടുണ്ട്. വടക്കന്‍ ചൈനയിലെ ഹൈബായി, ഹെനാന്‍ പ്രവിശ്യകളില്‍ പ്രളയം വന്‍ ദുരന്തം വിതച്ചു.
അരലക്ഷത്തിലധികം വീടുകള്‍ പൂര്‍ണ്ണമായും നശിച്ചു. രണ്ട് ലക്ഷത്തോളം ആളുകളെ ദുരന്തമേഖലകളില്‍ നിന്നും മാറ്റിപ്പാര്‍പ്പിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. ശക്തമായി തുടരുന്ന മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നു.
പ്രദേശങ്ങളില്‍ കനത്ത മഴ തുടരുകയാണ്. ഗതാഗത വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകര്‍ന്നു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി അരലക്ഷത്തോളം സൈനികരെ വിന്യസിച്ചിട്ടുണ്ട്.
പ്രളയത്തെ കുറിച്ച് സര്‍ക്കാര്‍ വേണ്ട മുന്നറിയിപ്പുകള്‍ നല്‍കിയില്ലെന്ന് ആരോപിച്ച് പ്രതിഷേധവുമായി ജനം തെരുവിലിറങ്ങി. കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ചവരുത്തിയ അഞ്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
