മരതകവും മുത്തുകളും ഉപയോ​ഗിച്ച് ഇന്ത്യൻ, ഇസ്ലാമിക് ഡിസെനിൽ നിര്‍മ്മിച്ച നെക്ലേസിന് 75 ലക്ഷം  മുതല്‍ 2 കോടി വരെയായിരുന്നു മൂല്യം.

ലണ്ടന്‍: സിഖ് സാമ്രാജ്യ തലവൻ മഹാരാജാ രഞ്ജിത് സിങ്ങിന്റെ ഭാര്യ മഹാറാണി ജിന്ദന്‍ കൗര്‍ അണിഞ്ഞിരുന്ന നെക്ലേസ് ലേലത്തില്‍ വിറ്റുപോയത് 1.7 കോടി രൂപയ്ക്ക്. ലണ്ടൻ ബോന്‍ഹാംസ് ഇസ്ലാമിക് ആന്‍ഡ് ഇന്ത്യന്‍ ആര്‍ട്ട് സെയിലിന്റെ ഭാഗമായി സം​ഘടിപ്പിച്ച ലേലത്തിലാണ് വിറ്റുപോയത്. അധിക വിലയായിട്ടും വളരെ വാശിയേറിയ ലേലമാണ് നടത്തന്നതെന്നും സംഘാടകര്‍ കൂട്ടിച്ചേർത്തു. 

മരതകവും മുത്തുകളും ഉപയോ​ഗിച്ച് ഇന്ത്യൻ, ഇസ്ലാമിക് ഡിസെനിൽ നിര്‍മ്മിച്ച നെക്ലേസിന് 75 ലക്ഷം മുതല്‍ 2 കോടി വരെയായിരുന്നു മൂല്യം. നെക്ലേസിന് പുറമെ ലാഹോറില്‍ നിന്നുള്ള രാജകീയ അമൂല്യ വസ്തുക്കളും ലേലത്തിന് വച്ചിരുന്നു.ലേലത്തിലൂടെ ആകെ 18 കോടിയുടെ വിറ്റുവരവ് ഉണ്ടായതായി സംഘാടകര്‍ പറഞ്ഞു.

'പഞ്ചാബ് സിംഹം' എന്നറിയപ്പെട്ടിരുന്ന രഞ്ജിത് സിങ്ങിന്റെ അവസാന ഭാര്യയാണ് ജിന്ദന്‍ കൗര്‍. ഭാര്യമാരില്‍ സതി അനുഷ്ഠിക്കാത്ത ഒരേയൊരാളായിരുന്നു ഇവർ. 1839ലാണ് രഞ്ജിത് സിങ്ങ് മരണമടയുന്നത്. തുടർന്ന് 1843ല്‍ അഞ്ചുവയസുകാരനായ മകന്‍ ദുല്‍ദീപ് സിങ്ങിന് വേണ്ടി ജിന്ദന്‍ കൗർ രാജാധികാരിയായി സ്ഥാനമേറ്റു. നിരവധി ബ്രിട്ടീഷ് ആക്രമണങ്ങൾ നേരിട്ടെങ്കിലും ഒരിക്കൽ കീഴടങ്ങേണ്ടി വന്നു. ബ്രിട്ടീഷ് തടവറയില്‍ നിന്ന് രക്ഷപെട്ട് നേപ്പാളിലേക്ക് പോയ ജിന്ദന്‍ കൗറിനെ നേപ്പാൾ രാജാവ് വീട്ടുതടങ്കലിലാക്കി. അവിടെനിന്ന് രക്ഷപെട്ട് ലണ്ടനിലെത്തിയപ്പോഴാണ് മകനെയും തന്റെ ആഭരണശേഖരവും ജിന്ദന്‍ കൗറിന് തിരികെ കിട്ടിയത്. 

സ്വര്‍ണ നൂലുകൊണ്ട് എംബ്രോഡറി വർക്ക് ചെയ്ത് വെല്‍വറ്റ് പിടിയോട് കൂടിയ ആവനാഴിയും ലേലത്തില്‍ ഉണ്ടായിരുന്നു. ആഘോഷ വേഷകളിൽ അത്ര അപൂർവ്വമായി മാത്രം രഞ്ജിത് സിങ്ങ് അണിഞ്ഞിരുന്നു ആവനാഴിയാണിത്. 1838ല്‍ മൂത്ത മകന്റെ വിവാഹവേളയില്‍ ഇതണിഞ്ഞതായി ബോന്‍ഹാംസ് ഇസ്ലാമിക് ആന്‍ഡ് ഇന്ത്യന്‍ ആര്‍ട്ട് സെയിൽ തലവൻ ഒലിവർ വൈറ്റ് പറയുന്നു.