സഹോദരന്റെ വിവാഹത്തിന് പൂ എടുക്കാൻ പോകാവേയാണ് അപകടം നടന്നതെന്ന് നാട്ടുകാർ പറഞ്ഞു.
തിരുവനന്തപുരം: നെടുമങ്ങാട് നന്ദിയോട് ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. ഭരതന്നൂർ പുളിക്കരകുന്ന് സ്വദേശികളായ പി.എസ് ഭവനിൽ പ്രണവ്(23), പ്രജി വിലാസത്തിൽ സച്ചിൻ(18) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ എഴുമണിയോടെയാണ് അപകടം. നന്ദിയോട് ജംഗ്ഷനിൽ വെച്ചാണ് സംഭവം. നാളെ വിവാഹിത സച്ചിന്‍റെ അമ്മാമന്‍റെ വിവാഹത്തിന് പൂ എടുക്കാൻ പോകാവേയാണ് അപകടം നടന്നത്.
റോഡിൽ ചത്തു കിടന്ന പൂച്ചയുടെമേൽ ബൈക്ക് കയറാതിരിക്കാൻ വെട്ടി തിരിക്കവെ എതിരെ വന്ന ലോറിയിൽ ഇടിച്ചായിരുന്നു അപകടമെന്ന് നാട്ടുകാർ പറഞ്ഞു. റോഡിലേക്ക് തെറിച്ച് വീണ ഇരുവരിൽ ഒരാളുടെ ശരീരത്തിൽ കൂടി ലോറിയുടെ ചക്രങ്ങൾ കയറി ഇറങ്ങി. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പോസ്റ്റ്മാർട്ടത്തിനായി മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി.
