വ്യാപകമായി ഉയര്‍ന്ന പ്രതിഷേധം ഫലം കണ്ടു. പരീക്ഷകളില്‍ മലയാളഭാഷാ നിര്‍ബന്ധമാക്കാന്‍ ഒടുവില്‍ പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ തീരുമാനിച്ചു. പിഎസ് സിയുടെ അഞ്ചംഗ ഉപസമിതിയുടെ മേല്‍നോട്ടത്തില്‍ ഭാഷാവിദഗ്ധരെ ഉള്‍പ്പെടുത്തി ശില്പശാലകള്‍ ഉടന്‍ സംഘടിപ്പിക്കും. ശില്പശാലയുടെ അടിസ്ഥാനത്തിലാകും സിലബസ് നിശ്ചയിക്കുക.
അതേ സമയം അടുത്തമാസം നടക്കേണ്ട സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷക്ക് ഇത് ബാധകമല്ല.സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷക്കും മലയാളം നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ട് ഇടത് അംഗങ്ങള്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. എന്നാല്‍ ഇതടക്കം ഇതിനകം ചോദ്യപേപ്പറുകള്‍ അച്ചടിച്ച പരീക്ഷകളില്‍ മാറ്റം വരുത്താനാകില്ലെന്ന് നിലപാടാണ് ചെയര്‍മാനും യുഡിഎഫ് അംഗങ്ങളുമെടുത്തത്.
അതായത് ജൂണ്‍ മുതലുള്ള പരീക്ഷകളിലാകും മലയാളം നിര്‍ബന്ധമാകുക. അതോടൊപ്പം തമിഴ്, കന്നഡ ന്യൂനപക്ഷഭാഷകളില്‍ ചോദ്യങ്ങള്‍ തയ്യറാക്കുന്നത് കമ്മീഷന്‍ നിര്‍ത്തും. കഴിഞ്ഞ വര്‍ഷത്തെ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷയില്‍ നിന്നും മലയാളം ഒഴിവാക്കിയത് വന്‍വിവാദത്തിനിടയാക്കിയിരുന്നു.
ഭാഷാ ചോദ്യങ്ങള്‍ ബുദ്ധിമുട്ടേറിയതാണെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നായിരുന്നു പിഎസ് സി വിശദീകരണം. സാഹിത്യനായകന്മാര്‍ കമ്മീഷന്‍ ആസ്ഥാനത്ത് പ്രതിഷേധവുമായെത്തി. ഇതേ തുടര്‍ന്ന് പിഎസ് സി ഉപസമിതിയെ വച്ചു. എല്ലാ സംസ്ഥാനങ്ങളും ഭരണഭാഷ പരിചയം പിഎസ് സി പരീക്ഷകളില്‍ പരിശോധിക്കുന്നുണ്ടെന്ന ഉപസമതിയുടെ കണ്ടെത്തല്‍ കൂടി പരിഗണിച്ചാണ് നിര്‍ണ്ണായക തീരുമാനത്തിലേക്കെത്തിയത്.
