നാളത്തെ ഇന്ത്യ എങ്ങിനെയായിരിക്കണമെന്ന് വളരെ മുന്പേതന്നെ സ്വപ്നം കണ്ട പ്രഥമ പ്രധാനമന്ത്രി. അതിലുപരി, ഇന്നത്തെ കുട്ടികളാണ് നാളത്തെ രാഷ്ട്ര ശിൽപികളെന്ന് ഉറച്ചു വിശ്വസിച്ച ഭരണാധികാരി. കുട്ടികളുടെ സ്വന്തം ചാച്ചാജി. സ്വന്തം ജന്മദിനാഘോഷത്തിന് പകരം ആ ദിവസം കുട്ടികൾക്കായി നീക്കി വച്ചപ്പോഴും ജവഹർലാൽ നെഹ്രു സ്വപ്നം കണ്ടതും അതുതന്നെ.

ദിനാചരണത്തിലുപരി, വിശ്വ മാനവികതയിലേക്ക് കുഞ്ഞുങ്ങളെ കൈ പിടിച്ചുയർത്തണമെന്ന സന്ദേശം അദ്ദേഹം മുന്നോട്ട്വച്ചു. കുട്ടികളെ ഒരുപാടിഷ്ടപ്പെട്ടിരുന്ന നെഹ്രു, നാളെയുടെ വാഗ്ദാനങ്ങൾക്കായി ഒരുപാട് പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കി. ഗ്രാമങ്ങൾതോറും വിദ്യാലയം. ഉന്നത വിദ്യാഭ്യാസത്തിനുളള സൗകര്യങ്ങൾ. കുഞ്ഞുങ്ങളിലെ പോഷകാഹാരക്കുറവ് നികത്താൻ സൗജന്യ ഭക്ഷണം. അങ്ങിനെ നീളുന്നു പട്ടിക.

കരുതലോടെ പ്രവർത്തിച്ച് ലോകത്തിന്‍റെ വിശാലത കുരുന്നുകൾക്കായി ചാച്ചാജി തുറന്നിട്ടു. കുട്ടികളുമായി നിരന്തരം ഇടപെട്ട നെഹ്രു, ഇന്ത്യയെ കണ്ടെത്താനുളള കരുത്ത് അവരിലേക്കെത്തിക്കുകയായിരുന്നു. വീണ്ടും ഇതേ ഓർമ്മകളിലേക്കെത്തുന്പോൾ നമ്മുടെ കുട്ടികൾ സുരക്ഷിതരല്ലെന്ന അന്തരീക്ഷവും നിലനിൽക്കുന്നു.

ഒരു നേരത്തെ ഭക്ഷണത്തിനായി തെരുവിൽ അലയുന്നവരും, കുടുംബം പോറ്റാൻ അപകടം പിടിച്ച ജോലിടെയുക്കുന്നവരും,വിദ്യാഭ്യാസം അവകാശമാണെന്നറിയാത്തവരും ഒക്കെയുണ്ട് നമ്മുടെ കൊച്ചുകൂട്ടുകാർക്കിടയിൽ. പലവിധ ചൂഷണത്തിൽപ്പെടുന്നവരും ബലിയാടുകളാകുന്നവരും വേറെ. ഇത്തരം കാഴ്ചകൾ ഇനിയാവർക്കാതിരിക്കാൻ ഒരുമിച്ച് പ്രവർത്തിക്കണമെന്ന സന്ദേശം കൂടി ശിശുദിനം ഓർമ്മിപ്പിക്കുന്നു.