അതിർത്തി കടന്ന് ദുർഗ കൊച്ചിയിലെത്തി. അപൂർവ ജനിതക രോഗമായ ഡാനൺ ബാധിച്ച് ഹൃദയമാറ്റ ശസ്ത്രക്രിയക്കായി കാത്തിരിക്കുകയാണ് ദുർഗ. മാതാപിതാക്കളെ നഷ്ടപ്പെട്ട ദുർഗ വളർന്നത് അനാഥാലയത്തിലാണ്.
കൊച്ചി: നേപ്പാളിൽ നിന്നെത്തിയ 22 കാരി കൊച്ചിയിലെ തന്‍റെ താത്കാലിക താമസ സ്ഥലത്ത് വേദനകളില്ലാത്ത ജീവിതം സ്വപ്നം കണ്ട് കാത്തിരിക്കുന്നു. അപൂർവ ജനിതക രോഗമായ ഡാനൺ ബാധിച്ച് ഹൃദയമാറ്റ ശസ്ത്രക്രിയക്കായി കാത്തിരിക്കുകയാണ് ദുർഗ. മാതാപിതാക്കളെ നഷ്ടപ്പെട്ട ദുർഗ വളർന്നത് അനാഥാലയത്തിലാണ്. അമ്മയും സഹോദരിയും മരിച്ചത് ഇതേ രോഗം ബാധിച്ചാണ്. കഴിഞ്ഞ ദിവസം ലിസി ആശുപത്രിയിൽ വച്ച് ഹൃദയമാറ്റ ശസ്ത്രക്രിയ പൂർത്തിയാക്കിയ അങ്കമാലി സ്വദേശിയായ യുവാവിന്‍റേയും കൊല്ലം സ്വദേശിയായ പെൺകുട്ടിയുടേയും കുടുംബാംഗങ്ങളുടെയും ആശ്വാസം തരുന്ന വാർത്ത പുറത്തുവന്നിരുന്നു. ഈ വാർത്തകളിൽ കണ്ണും നട്ട് പ്രതീക്ഷയോടെ ഇരിക്കുകയാണ് ദുർഗ.
19 വയസിലാണ് രോഗം സ്ഥിരീകരിച്ചത്. അപ്പോൾ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ശ്വാസം എടുക്കാൻ പ്രയാസപ്പെട്ടിരുന്നു. ആദ്യം ലക്നൗവിൽ ആയിരുന്നു ചികിത്സ. പിന്നീട് കാഠ്മണ്ഡുവിലേക്ക് മാറ്റി. അച്ഛനും അമ്മയും സഹോദരിയും നേരത്തെ മരിച്ചുപോയി. നേപ്പാളിലെ അനാഥാലയത്തിലാണ് പിന്നീട് വളർന്നത്. ഹൃദയം, പേശികൾ, തലച്ചോറ്, കണ്ണുകൾ എന്നിവയെ ബാധിക്കുന്ന ഡാനൺ എന്ന മാരക രോഗമാണ് ദുർഗയെ ബാധിച്ചത്. അമ്മയ്ക്കും സഹോദരിക്കും ഇതേ രോഗമായിരുന്നു. പലതവണ മരണത്തെ മുഖാമുഖം കണ്ട് തിരിച്ചു വന്നിട്ടുണ്ട് ദുർഗ. കേരളത്തിൽ മെച്ചപ്പെട്ട ചികിത്സ ലഭിക്കുമെന്ന പ്രതീക്ഷയിൽ നേപ്പാളിൽ നിന്ന് വന്നതാണിവർ. അനാഥാലയം നടത്തിപ്പുകാരനായ മലയാളിയാണ് ഇവിടേയ്ക്ക് എത്തിച്ചത്.
സഹോദരനാണ് കൂടെയുള്ളത്. കേരളം ഇഷ്ടമായെന്നും കാലാവസ്ഥയും ഭക്ഷണവും ചികിത്സാ സംവിധാനവും എല്ലാം മികച്ചതാണെന്നും ദുർഗ പറയുന്നു. എറണാകുളം ജനറൽ ആശുപത്രിയിലാണ് നിലവിൽ ദുർഗയുടെ ചികിത്സ. യോജിച്ച ഹൃദയം ലഭിച്ചാൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ആശുപത്രി തയാറാണ്. എന്നാൽ നിരവധി പ്രതിസന്ധിയാണ് ദുർഗക്ക് മുന്നിലുള്ളത്. ട്രാൻസ്പ്ലാന്‍റേഷൻ ഓഫ് ഹ്യൂമൻ ഓർഗൻസ് ആൻഡ് ടിഷ്യൂസ് ആക്ട് പ്രകാരം സംസ്ഥാന പട്ടിക, മേഖലാ പട്ടിക, ദേശീയ പട്ടിക എന്നിവയിലുള്ളവർക്കും ഇന്ത്യൻ വംശജനായ വ്യക്തിക്കും ശേഷം മാത്രമേ വിദേശീയായ ഒരാൾക്ക് ഹൃദയം നൽകാനാകൂ, അല്ലെങ്കിൽ ശസ്ത്രക്രിയ നടത്താനാകൂ. എങ്കിലും ദുർഗയുടെ കാത്തിരിപ്പ് തുടരുകയാണ്. വേദനകൾ ഇല്ലാതെ സ്വസ്ഥമായ ജീവിതത്തിലേക്ക് മടങ്ങിവരാമെന്ന പ്രതീക്ഷയോടെ.



