സമ്മതപത്രത്തിൽ ഒപ്പിട്ട് തരാൻ തയ്യാറാണെന്നും ജയറാം.
കൊച്ചി: മരണ ശേഷം തന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാറെന്ന് നടൻ ജയറാം. ആലുവ രാജഗിരി ആശുപത്രിയിൽ പുതുതായി ആരംഭിച്ച ഫാറ്റി ലിവർ ക്ലിനിക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒപ്പം പാർവതിയും ഉണ്ടായിരുന്നു. സമ്മതമറിയിച്ച് കൊണ്ട് സമ്മതപത്രത്തിൽ ഒപ്പിട്ട് തരാൻ തയ്യാറാണെന്നും ജയറാം പറഞ്ഞു.
"എന്റെ മരണ ശേഷം എന്റെ അവയവങ്ങൾ ദാനം ചെയ്യുമെന്ന് ആദ്യമായി ഇവിടെ വച്ച് അറിയിക്കുകയാണ്. എന്റെ ഏതെങ്കിലും അവയവം കൊണ്ട് മറ്റൊരാൾക്ക് ഉപകാരപ്പെടുമെങ്കിൽ, ഇവിടെ വച്ച് സമ്മത പത്രത്തിലും ഞാൻ ഒപ്പിട്ട് തരാം", എന്നായിരുന്നു വേദിയിൽ ജയറാം പറഞ്ഞത്.
അതേസമയം, റെട്രോ ആണ് ജയറാമിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിച്ചത് സൂര്യ ആയിരുന്നു. വൻ ഹൈപ്പിൽ റിലീസ് ചെയ്ത ചിത്രത്തിന് പക്ഷേ സമ്മിശ്ര പ്രതികരണങ്ങളും ട്രോളുകളും നേരിടേണ്ടി വന്നിരുന്നു. ലാഫിംഗ് ഡോക്ടർ എന്ന കഥാപാത്രമായിട്ടായിരുന്നു ജയറാം റെട്രോയിൽ എത്തിയത്. ഇത് ഏറെ ശ്രദ്ധനേടുകയും ചെയ്തു.
മലയാളത്തില്‍ അബ്രാം ഓസ്ലര്‍ ആണ് ജയറാമിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. അതും 2024ല്‍. മമ്മൂട്ടി കാമിയോ റോളില്‍ എത്തിയ ചിത്രത്തില്‍ ഓസ്ലര്‍ എന്ന ടൈറ്റില്‍ റോളിലായിരുന്നു അദ്ദേഹം എത്തിയത്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രം ഒരു ഇന്‍വെസ്റ്റഗേഷന്‍ ത്രില്ലറായിരുന്നു. അനശ്വര രാജൻ, സൈജു കുറുപ്പ്, അർജുൻ അശോകൻ, ആര്യ സലിം, സെന്തിൽ കൃഷ്ണ, ജഗദീഷ്, അനൂപ് മേനോൻ, ദിലീഷ് പോത്തൻ തുടങ്ങി നിരവധി താരങ്ങളും സിനിമയില്‍ അണിനിരന്നിരുന്നു.



