ബന്ധുനിയമനക്കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സുധീര്‍ നമ്പ്യാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. വസ്തുതകളും സാഹചര്യങ്ങളും പരിശോധിച്ചതില്‍ നിന്ന് ഇപി ജയരാജന്‍ കുറ്റം ചെയ്തതായി കണ്ടെത്താനായില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ആവര്‍ത്തിച്ചു. ഇ.പി. ജയരാജന്‍ സ്വജനപക്ഷപാതവും പദവി ദുരുപയോഗവും നടത്തിയെന്നായിരുന്നു രണ്ടുദിവസം മുന്പ് വിജിലന്‍സ് ഹൈക്കോടതിയിയെ രേഖാമൂലം ധരിപ്പിച്ചത്.

പ്രതികള്‍ കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. അഴിമതി നിരോധന നിയമപ്രകാരം കേസിനു പ്രസക്തിയുണ്ടെന്ന് ത്വരിതപരിശോധനയില്‍ കണ്ടെത്തിയതിനാലാണ കേസ് റജിസ്റ്റര്‍ ചെയ്തതെന്ന് വിജിലന്‍സ് വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ നിലപാടില്‍ നിന്ന് വിഭിന്നമായൊരു റിപ്പോര്‍ട്ട് എങ്ങിനെ വിജിലന്‍സിന്റെ ഭാഗത്തുനിന്ന് വന്നെന്ന് ഹൈക്കോടതി ആരാഞ്ഞു. 

ഇ.പി. ജയരാജനെതിരായ അന്വേഷണം നേരത്തെ സ്‌റ്റേ ചെയ്ത കോടതി ചില സംശയങ്ങള്‍ക്ക് മറുപടി നല്‍കണമെന്ന് വിജിലന്‍സ്സിനോട് നിര്‍ദ്ദേശിച്ചിരുന്നു. സുധീര്‍ നമ്പ്യാരുടെ നിയമനത്തില്‍ ഇ.പി. ജയരാജനോ മറ്റാരെങ്കിലുമോ നേട്ടമുണ്ടാക്കിയോ, സ്ഥിരനിയമനമാണോ മന്ത്രി എന്ന നിലയലാണോ അതോ സ്വന്തം നിലയിലാണോ ഇ.പി. ജയരാജന്‍ നിയമനം നടത്തിയതത് എന്നിവക്കെല്ലാം മറുപടി വേണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഈ ചോദ്യങ്ങള്‍ക്കൊന്നും മറുപടിയില്ലെന്നും വിശദമായ റിപ്പോര്‍ട്ട് വീണ്ടും നല്‍കണമെന്നും ജസ്റ്റീസ് പി. ഉബൈദ് നിര്‍ദേശിച്ചു.