Asianet News MalayalamAsianet News Malayalam

ജലീലിനെതിരായ ബന്ധുനിയമനവിവാദം: കുരുക്ക് മുറുകുന്നു: മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്

നാളെ ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ദിനം മന്ത്രി കെ ടി ജലീലിനെതിരായ ബന്ധുനിയമനവിവാദം കൂടി പ്രതിപക്ഷം ആയുധമാക്കുമെന്നുറപ്പായി. മന്ത്രി ചട്ടലംഘനം നടത്തിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ രേഖാമൂലം നൽകിയ മറുപടിയിൽ മന്ത്രി തന്നെ ചട്ടലംഘനം സമ്മതിച്ചിരുന്നു.

nepotism charges against minister kt jaleel opposition gives privilege motion against cm
Author
Thiruvananthapuram, First Published Jan 25, 2019, 4:04 PM IST

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിനെതിരായ ബന്ധുനിയമന വിവാദത്തില്‍ കുരുക്ക് മുറുകുന്നു. സഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം അവകാശലംഘനത്തിന് നോട്ടീസ് നല്‍കി. കെ ടി അദീബിന്‍റെ നിയമനത്തില്‍ ചട്ടം പാലിച്ചിട്ടില്ലെന്ന് മന്ത്രി കെ ടി ജലീൽ നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയാണ് പ്രതിപക്ഷം ആയുധമാക്കുന്നത്.

സംസ്ഥാനന്യൂനപക്ഷ വികസന, ധനകാര്യകോര്‍പ്പറേഷന്‍ ജനറല്‍ മാനേജരുടെ നിയമനം സംബന്ധിച്ച് പാറയ്ക്കല്‍ അബ്ദുള്ള എംഎൽഎയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി കെ ടി ജലീല്‍ വീഴ്ച സമ്മതിച്ചത്. പൊതുമേഖലാ സ്ഥാപനത്തിലെ ഉന്നതതല നിയമനത്തിന് ദേശീയ അംഗീകാരമുള്ള വിദഗ്ധസമിതിയുടെ ശുപാര്‍ശ ആവശ്യമാണെന്നും എന്നാല്‍ കെ ടി അദീബിന്‍റെ നിയമനത്തില്‍ ചട്ടം പാലിച്ചിട്ടില്ലെന്നും മന്ത്രിയുടെ മറുപടിയില്‍ പറയുന്നു. 

ഇന്‍റര്‍വ്യൂവിന് അദീബ് പങ്കെടുത്തിട്ടില്ലെന്നും മന്ത്രി അറിയിച്ചു. വിദ്യാഭ്യാസയോഗ്യത നിശ്ചയിച്ചത് മന്ത്രിസഭാ തീരുമാനപ്രകാരമായിരുന്നില്ലെന്നും കൂടുതല്‍ യോഗ്യതകള്‍ ഉൾപ്പെടുത്തിയത് മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെയാണെന്നും മന്ത്രിയുടെ മറുപടിയില്‍ പറയുന്നുണ്ട്. എന്നാല്‍ വിദ്യാഭ്യാസയോഗ്യത നിശ്ചയിച്ചത് മന്ത്രിസഭായോഗപ്രകാരമാണെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ സഭാ സമ്മേളനത്തില്‍ കെ മുരളീധരന്‍റെ അടിയന്തരപ്രമേയനോട്ടീസിനുള്ള മറുപടിയില്‍ മുഖ്യമന്ത്രി പറഞ്ഞത് മന്ത്രിയുടെ ഭാഗത്തു നിന്ന് ചട്ടലംഘനം ഉണ്ടായിട്ടില്ലെന്നാണ്. ഈ സാഹചര്യത്തിലാണ് സഭയെ തെറ്റിദ്ധരിപ്പിച്ചതിന് മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.

മന്ത്രി കെ ടി ജിലീലിനെതിരെ സഭയില്‍ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. കോടിയേരി ബാലകൃഷ്ണനെ ബ്ലാക്ക് മെയിൽ ചെയ്താണ് കെ ടി ജലീൽ മന്ത്രിസ്ഥാനം നിലനിര്‍ത്തുന്നതെന്ന പി കെ ഫിറോസിന്‍റെ ആരോപണവും പ്രതിപക്ഷം ആയുധമാക്കും.

Follow Us:
Download App:
  • android
  • ios