ചിലിയൻ കവിയും വിപ്ലവകാരിയുമായ പാബ്ലോ നെരൂദയുടെ മരണത്തിൽ അന്താരാഷ്ട്ര വിദഗ്ദ്ധ സംഘവും സംശയം പ്രകടിപ്പിക്കുന്നു. അട്ടിമറി സാധ്യത തള്ളാനാകില്ലെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.
ചിലിയൻ കവിയും വിപ്ലവവകാരിയും നൊബേൽ സമ്മാനജേതാവുമായ പാബ്ലോ നെരൂദ 1973ൽ തന്റെ നാൽപ്പത്തിനാലാം വയസ്സിലാണ് മരണമടഞ്ഞത്. മൂത്രസഞ്ചിയിലെ അർബുദബാധയാണ് മരണകാരണമെന്നായിരുന്നു വിശദീകരണം. മരിക്കുമ്പോൾ ചിലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി കേന്ദ്രകമ്മിറ്റി അംഗമായിരുന്നു നെരൂദ. അഗസ്റ്റോ പിനോഷെ പട്ടാള അട്ടിമറിയിലൂടെ ചിലിയിലെ സോഷ്യലിസ്റ്റ് സർക്കാരിനെ പുറത്താക്കിയതിന്റെ 12 നാളായിരുന്നു നെരൂദയുടെ മരണം. നെരൂദയെ പിനോഷെയുടെ ആളുകൾ വിഷം നൽകി കൊലപ്പെടുത്തിയതാണെന്ന അഭ്യൂഹങ്ങൾ അന്നുമുതൽ ശക്തമാണ്. ചികിത്സയിൽ കഴിയുകയായിരുന്ന സാന്താ മരിയ ക്ലിനിക്കിൽ പിനോഷെയുടെ നിർദ്ദേശപ്രകാരം നെരൂദയെ വിഷം നൽകി കൊലപ്പെടുത്തിയതാണെന്ന അദ്ദേഹത്തിന്റെ ഡ്രൈവർ മനുവൽ അരായയുടെ ആരോപണത്തോടെ പുനരന്വേഷണാവശ്യങ്ങൾ ശക്തമായി ഉയർന്നു. ചിലി, സ്‌പെയിൻ, യു എസ്, ഡെന്മാർക്ക്, കാനഡ, ഫ്രാൻസ് എന്നിവിടങ്ങളിലെ വിദഗ്ദ്ധസംഘം മരണത്തിലെ ദുരൂഹത നീക്കാൻ അന്വേഷണമാരംഭിച്ചു. 2013ൽ നെരൂദയുടെ മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്ത് പരിശോധിച്ചു. നെരൂദയുടെ മരണം ക്യാൻസർബാധ മൂലമാകാനിടയില്ലെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ലബോറട്ടറിയിൽ രൂപം നൽകിയ ഒരു തരം ബാക്ടീരയ മരണകാരണമായോ എന്നു സംശയിക്കുന്നതായും വിദഗ്ധർ മാധ്യമങ്ങളോട് പറഞ്ഞു.
കവിയുടെ മരണത്തിൽ ഈ ബാക്ടീരിയകളുടെ യഥാർത്ഥ പങ്ക് എന്താണെന്ന് പരിശോധിക്കേണ്ടതുണ്ട്. ലാബിൽ വികസിപ്പിച്ചതാണെങ്കിൽ ജൈവായുധമായി ഉപയോഗിക്കപ്പെട്ടിരിക്കാൻ സാധ്യതയുണ്ട്. അതല്ലെങ്കിൽ മറ്റേതെങ്കിലും ഇനം ബാക്ടീരീയ യായാണോ എന്നും പരിശോധിക്കണം.
ഏതായാലും സംശയങ്ങൾ ബലപ്പെട്ട സ്ഥിതിക്ക് തുടരന്വേഷണവുമായി സംഘം മുന്നോട്ടു പോകും. എന്നാൽ നെരൂദയുടെ മരണവുമായി ബന്ധപ്പെട്ട പുനരന്വേഷണത്തിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ രണ്ട് തട്ടിലാണ്.
