ആംസ്റ്റര്‍ഡാം: ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് ശൈലിയില്‍ ഒരു ചേസിംഗ് കാണണോ. എന്നാല്‍ റോഡിലെ ഈ സാഹസിക യാത്രയുടെ കാരണമറിഞ്ഞാല്‍ ഞെട്ടും. ട്രക്കില്‍ കൊണ്ടുപോകുന്ന ആപ്പിള്‍ ഫോണുകള്‍ കവരാനാണ് അഞ്ചംഗ സംഘം അതിവേഗതയില്‍ ട്രക്ക് പിന്തുടര്‍ന്നത്. നെതര്‍ലന്‍റിലാണ് അഞ്ചംഗ റൊമാനിയന്‍ സംഘം ആറ് മില്ല്യണ്‍ മൂല്യം വരുന്ന ആപ്പിള്‍ ഫോണുകള്‍ തട്ടിയെടുത്തത്.എവിടെയും നിര്‍ത്താതെ സഞ്ചരിക്കുന്ന ട്രക്കില്‍ നിന്ന് ഫോണുകള്‍ അപ്രത്യക്ഷമാകുന്നത് പൊലീസിനെ കുടുക്കിയിരുന്നു. 

സമാനമായ 17 കേസുകള്‍ മുമ്പ് നടന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് മോഷ്ടാക്കള്‍ പൊലീസ് പിടിയിലാകുന്നത്. ജൂലൈ 24നാണ് സാഹസിക മോഷണശ്രമം അവസാനം നടന്നത്. മുകള്‍ഭാഗം തുറന്ന വാഹത്തില്‍ ട്രക്കിനെ പിന്തുടരുന്ന സംഘം പിന്നിലെ വാതില്‍ തുറന്നാണ് ഫോണുകളടങ്ങിയ ബോക്സുകള്‍ കൈവശപ്പെടുത്തിയത്. മുമ്പ് നടന്ന മോഷണത്തിന്‍റെ ദൃശ്യങ്ങള്‍ 2012ല്‍ നെതര്‍ലാന്‍ഡ്സ് പൊലീസിനു ലഭിച്ചിരുന്നു. എന്നാല്‍ സംഘത്തെ കുടുക്കാനുള്ള തെളിവുകള്‍ പോലീസിനു ലഭിച്ചിരുന്നില്ല. മോഷണം പോയ ഫോണുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.