1000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ച തീരുമാനത്തിനെതിരെ നേരത്തെ എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേന പരസ്യമായി രംഗത്തുവന്നിരുന്നു. അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിംഗ് ബാദലും ഈ തീരുമാനം നടപ്പാക്കുക അസാധ്യമാണെന്നും വിവാഹങ്ങളെ ബാധിച്ചെന്നും ഒരു മാധ്യമത്തോട് പറഞ്ഞു. ഇതേ തുടര്‍ന്നാണ് വൈകിട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന എന്‍ഡിഎ യോഗം ഐക്യത്തിന്റെ സന്ദേശം നല്‍കാന്‍ ശ്രമിച്ചത്. 

പ്രധാനമന്ത്രി എടുത്ത തീരുമാനത്തെ എല്ലാ കക്ഷികളും ഒറ്റക്കെട്ടായി പിന്തുണയ്ക്കുന്നു എന്ന പ്രമേയം യോഗം പാസാക്കി. ഒരു കാരണവശാലും തീരുമാനം പിന്‍വലിക്കില്ലെന്ന് പ്രധാനമന്ത്രി നേതാക്കളെ അറിയിച്ചു. ആരൊക്കെയാണ് കള്ളപ്പണക്കാര്‍ക്ക് ഒപ്പമെന്ന് ഇതിലൂടെ വ്യക്തമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരു നേതാവിനെ സംരക്ഷിക്കാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കോണ്‍ഗ്രസിന് തന്നെ വിമര്‍ശിക്കാന്‍ അവകാശമില്ലെന്ന് പ്രധാനമന്ത്രി വാരാണസിയിലെ റാലിയില്‍ പറഞ്ഞു

ഇതിനിടെ സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൈകോര്‍ക്കുകയാണ്. പാര്‍ലമെന്റില്‍ ഈ വിഷയത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം ചേരാന്‍ ഇടതുപക്ഷം തീരുമാനിച്ചു. പത്തിലധികം പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ചൊവ്വാഴ്ച ദില്ലിയില്‍ ചേര്‍ന്ന് പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട നിലപാട് തീരുമാനിക്കും. സ്പീക്കര്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ പ്രതിപക്ഷം ജനദുരിതത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ടു. ഈയാഴ്ച മുഴുവന്‍ ചര്‍ച്ച ചെയ്യാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പ്രതിപക്ഷത്തെ ശക്തമായി നേരിടാന്‍ ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ എല്ലാ പാര്‍ട്ടി എംപിമാര്‍ക്കും നിര്‍ദ്ദേശം നല്കി.