ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളം പരന്തൂറിൽ നിർമ്മിക്കാനുള്ള തീരുമാനം പിൻവലിച്ച് ടിവികെ സർക്കാർ. പരന്തൂറിൽ ഏറ്റെടുത്ത ഭൂമി റൺവേ നിർമ്മിക്കാൻ അനുയോജ്യമല്ലെന്ന് സ‌ർക്കാർ. 

ചെന്നൈ: ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളം പരന്തൂറിൽ നിർമ്മിക്കാനുള്ള ഡിഎംകെ സർക്കാരിൻ്റെ പദ്ധതി ഉപേക്ഷിച്ച് ടിവികെ സർക്കാർ. പരന്തൂറിൽ ഏറ്റെടുത്ത ഭൂമി റൺവേ നിർമ്മിക്കാൻ അനുയോജ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിജയ്‍യുടെ നേതൃത്വത്തിലുള്ള സർക്കാരിൻ്റെ തീരുമാനം. പരന്തൂറിന് പകരം മറ്റൊരു സ്ഥലം കണ്ടെത്തുമെന്ന് സർക്കാർ അറിയിച്ചു. വ്യവസായ മന്ത്രി നിർമ്മൽ കുമാർ‌ ആണ് പരന്തൂറിലെ പദ്ധതി ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പദ്ധതിക്കായി കണ്ടെത്തിയ സ്ഥലം വിമാനത്താവളത്തിന് യോജിച്ചതല്ലെന്ന് മന്ത്രി നിർ‌മ്മൽ കുമാർ അറിയിച്ചു. ജലാശയങ്ങൾ ഏറെ ഉള്ളതിനാൽ പ്രദേശം റൺവേ നിർമ്മിക്കാൻ അനുയോജ്യമല്ലെന്നും നിർദിഷ്ട വിമാനത്താവളത്തിനായി മറ്റൊരു സ്ഥലം കണ്ടെത്തുമെന്നും മന്ത്രി വ്യക്തമാക്കി.

2022 ഓ​ഗസ്റ്റിലാണ് ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളം പരന്തൂറിൽ നിർമ്മിക്കാൻ എം കെ സ്റ്റാലിൻ്റെ നേതൃത്വത്തിലുള്ള ഡിഎംകെ സ‍ർക്കാർ തീരുമാനിച്ചത്. 4,970 കോടി രൂപ ചെലവിൽ ​ ​ഗ്രീൻഫീൽഡ് വിമാനത്താവളം നിർമ്മിക്കുമെന്നായിരുന്നു പ്രഖ്യാപനം. പദ്ധതിക്കെതിരെ കർഷകരും പരിസ്ഥിതി പ്രവർത്തകരും ചേർന്ന് വ്യാപക പ്രതിഷേധം ഉയ‍ർത്തിയിരുന്നു. വിമാനത്താവള നിർമ്മാണത്തിന് വേണ്ടിയുള്ള കുടിയൊഴിപ്പിക്കലിനും തണ്ണീർത്തടം നികത്തലിനുമെതിരെയായിരുന്നു ശക്തമായ എതിർപ്പ് ഉയർന്നത്.

ഏകനാപുരത്തെയും സമീപപ്രദേശങ്ങളിലെയും ജനങ്ങളാണ് പദ്ധതിക്കെതിരെ കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, അധികാരത്തിലെത്തിയാൽ പരന്തൂറിൽ വിമാനത്താവളം നിർമ്മിക്കില്ലെന്ന് ടിവികെ വാ​ഗ്ദാനം നൽകിയിരുന്നു.

അതേസമയം ടിവികെ സർക്കാരിൻ്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷത്തുള്ള ഡിഎംകെ കടുത്ത വിമർശനം ഉന്നയിച്ചു. വിമാനത്താവളത്തിനായി കണ്ണടച്ചല്ല പരന്തൂ‍ർ തിരഞ്ഞെടുത്തതെന്നും പദ്ധതിക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണതെന്നും ഡിഎംകെ വക്താവ് എ ശരവണൻ പറഞ്ഞു. പദ്ധതിയിൽനിന്ന് പരന്തൂർ ഉപേക്ഷിച്ചതിനെതിരെ ബിജെപിയും രം​ഗത്തെത്തിയിട്ടുണ്ട്. പദ്ധതിപ്രദശം സംബന്ധിച്ച മന്ത്രി നിർമ്മൽ കുമാറിൻ്റെ വാദം അടിസ്ഥാനരഹിതമാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാ‍ർ നാ​ഗേന്ദ്രൻ പറഞ്ഞു.