തിരുവനന്തപുരം: ത്രീസ്റ്റാറിന് മുകളിൽ വിദേശ മദ്യവില്‍പന അനുവദിക്കുന്നതോടെ സംസ്ഥാനത്ത് തുറക്കുന്നത് 130 ബാറുകള്‍. ദേശീയ, സംസ്ഥാന പാതയോരത്തെ ബാറുകള്‍ മാറ്റി സ്ഥാപിച്ചാലും തുടക്കത്തിൽ ബിയര്‍ വൈന്‍ പാര്‍ലര്‍ ലൈസന്‍സേ കിട്ടൂ.

സംസ്ഥാനത്ത് ഇപ്പോഴുള്ളത് 23 പഞ്ചനക്ഷത്ര ബാറുകള്‍ . പുതിയ മദ്യനയത്തോടെ ത്രീ സ്റ്റാര്‍ ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്കും വീര്യം കൂടിയ മദ്യം വില്‍ക്കാം . ഇങ്ങനെ അടുത്ത ജൂലൈ ഒന്നിന് തുറക്കുന്നത് 130 ബാറുകള്‍ . ഇതിൽ 69 എണ്ണം ഫോര്‍ സ്റ്റാറാണ് . ഇതോടെ വീര്യം കൂടിയ മദ്യം വില്‍ക്കുന്ന 153 ബാറുകള്‍ സംസ്ഥാനത്തുണ്ടാകും . ഇപ്പോള്‍ 815 ബിയര്‍ വൈന്‍ പാര്‍ലറുകളാണുള്ളത് .ഇതിൽ 680 എണ്ണത്തിന് നേരത്തെ ബാര്‍ ലൈസന്‍സ് ഉണ്ടായിരുന്നത് . ദേശീയ സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ സുപ്രീം കോടതി വിലക്കിയതാണ് എല്ലാ ബാറുകളും വീണ്ടും തുറക്കാനാകാത്ത സ്ഥിതിയുണ്ടാക്കിയത് .

586 ബിയര്‍ വൈന്‍ പാര്‍ലറുകളാണ് ഇങ്ങനെ പൂട്ടിയത് . പക്ഷേ ദൂരപരിധി കടന്നാൽ ഇവയ്ക്കും ബിയര്‍ വൈന്‍ കച്ചവടം തുടരാം. നക്ഷത്ര പദവിയിലേയ്ക്ക് ഉയര്‍ന്നാൽ പുതിയ നയത്തിന്‍റെ ചുവടു പിടിച്ച് വീര്യം കൂടിയ മദ്യവില്‍പനയ്ക്ക് ഇവയ്ക്ക് വഴി തെളിയും. തദ്ദേശ സ്ഥാപനങ്ങളുടെ എൻ.ഒ.സി വേണ്ടെന്നു വച്ചതോടെ പൂട്ടിപ്പോയ ബെവറേജ്സ് കണ്‍സ്യൂമര്‍ ഫെഡ് ഔട്ട് ലെറ്റ് തുറക്കാനുള്ള സാധ്യതയും ഏറും . പ്രാദേശിക എതിര്‍പ്പിനൊപ്പം പഞ്ചായത്തുകളും നിന്നത് പലയിടത്തും മദ്യശാലകള്‍ തുറക്കുന്നതിന് തടസമായിരുന്നു .