സ്വകാര്യ വ്യക്തിയുടെ മതില്‍ ഭിത്തിയില്‍ അനുവാദം ചോദിച്ച ശേഷമാണ് ഇവര്‍ ചിത്രരചന നടത്തിയത്.

ആലപ്പുഴ:പരിസ്ഥിതി സംരക്ഷണത്തിന്റയും വൃക്ഷ പരിചരണത്തിന്റെയും പ്രാധാന്യവും പ്രസക്തിയും മനസിലാക്കി ചിത്രകാരന്‍മാര്‍ തയ്യാറാക്കുന്ന നേച്ചര്‍ സ്ട്രീറ്റ് ആര്‍ട്ട് ശ്രദ്ധേയമാകുന്നു. ആലപ്പുഴ മട്ടാഞ്ചേരി പാലത്തിന് സമീപമാണ് ചിത്രകാരന്‍മാരായ രാകേഷ് അന്‍സേരയും, കലേഷ് പൊന്നപ്പനും ചേര്‍ന്ന നയന മനോഹരങ്ങളായ നേച്ചര്‍ ആര്‍ട്ട് തയാറാക്കിയത്. 

വിദേശ രാജ്യങ്ങളില്‍ ചെയ്തു വരുന്ന പ്രത്യേക ചിത്രരചനാ രീതിയാണ് നേച്ചര്‍ ആര്‍ട്ട്. സസ്യങ്ങളും, വൃക്ഷങ്ങളും മറ്റ് ജീവജാലങ്ങളെപ്പോലെ തന്നെയാണെന്നും അവയ്ക്കും കരുതലും സംരക്ഷണവും അത്യാവശ്യമാണെന്ന് ഈ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. കേട്ടുകേള്‍വി മാത്രമുള്ള അപൂര്‍വ്വ ചിത്രരചന കാണാന്‍ ഇന്നലെ നൂറുകണക്കിന് ആളുകളാണ് ഇവിടെ എത്തിയത്.

സ്വകാര്യ വ്യക്തിയുടെ മതില്‍ ഭിത്തിയില്‍ അനുവാദം ചോദിച്ച ശേഷമാണ് ഇവര്‍ ചിത്രരചന നടത്തിയത്. ഇല്ലിമുള വൃക്ഷത്തിന്റെ ശിഖരങ്ങളും ഇലകളും ചെറുപ്പക്കാരന്റെ തലമുടിയോട് ഉപമിച്ചാണ് വരച്ചു വെച്ചിരിക്കുന്നത്. മറ്റൊരു ഭിത്തിയില്‍ വള്ളിച്ചെടികള്‍ പെണ്‍കുട്ടിയുടെ തലമുടിയാക്കിയും പ്രത്യേകരീതിയില്‍ വരച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിലെ വ്യത്യസ്തയാര്‍ന്ന നേച്ചര്‍ സ്ട്രീറ്റ് ചിത്രരചനകള്‍ സോഷ്യല്‍ മീഡിയ വഴിയാണ് അറിഞ്ഞതെന്ന് രാകേഷ് അന്‍സേര പറഞ്ഞു. 

2 ദിവസത്തിനുള്ളില്‍ നിരവധി വീടുകളുടെ മതിലുകളില്‍ ഈ രീതിയില്‍ ചിത്രരചന നടത്തുവാന്‍ ഈ കലാകാരന്‍മാര്‍ക്ക് അവസരം ലഭിക്കുകയും ചെയ്തു. കഴിഞ്ഞ മാസം നഗര ചത്വരത്തില്‍ ഇരു ചിത്രകാരന്‍മാരും ചേര്‍ന്ന് തത്സസമയ ചിത്രരചന നടത്തിയത് ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.