സൗദി അറേബ്യയേയും ബഹ്‌റൈനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ് വേയ്‌ക്ക് സമാന്തരമായി പുതിയ ഒരു പാലംകൂടി നിര്‍മിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസാ അല്‍ഖലീഫയും തമ്മില്‍ ധാരണയായി. 2014ല്‍ അബ്ദുല്ലാ രാജാവിന്റെ കാലത്ത് പുതിയ പാലം നിര്‍മിക്കുന്നതിനു പ്രഖ്യാപനം നടന്നെങ്കിലും തുടര്‍ നടപടികളുണ്ടായിരുന്നില്ല. എന്നാല്‍ സല്‍മാന്‍ രാജാവിന്റെ കഴിഞ്ഞ ദിവസത്തെ ബഹ്‌റൈന്‍ സന്ദര്‍ശനത്തിലാണ് പുതിയ പാലം സംബന്ധിച്ചു തീരുമാനമായത്. 

പുതിയ കോസ് വേയ്ക്ക് ബഹ്‌റൈന്‍ ഭരണാധികാരി ഹമദ് രാജാവിന്റെ പേരായിരിക്കും നല്‍കുക. പുതുതായി നിര്‍മിക്കുന്ന കോസ് വേയുടെ രൂപകല്‍പന സംബന്ധിച്ചുള്ള പഠനം പ്രമുഖ അന്താരാഷ്‌ട്ര കമ്പനിക്കു കീഴില്‍ നടന്നു വരുന്നതായി ബഹ്‌റൈന്‍ വിദേശകാര്യ സഹമന്ത്രി അബ്ദുല്ലാ അല്‍ ദോസരി അറിയിച്ചു. ഇതിന്റെ പ്രഖ്യാപനം അടുത്ത വര്‍ഷം നടക്കും. യാത്രക്കാരുടേയും വാഹനങ്ങളുടെയും എണ്ണം പെരുകുന്നത് കണക്കിലെടുത്താണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പുതിയ ഒരു പാലം കൂടി നിര്‍മിക്കുന്നതിനു തീരുമാനിച്ചത്. യാത്രകള്‍ക്കും ചരക്കു കടത്തുന്നതിനുമായി നൂറു കണക്കിനു വാഹനങ്ങളാണ് ദിവസവും കോസ് വേ വഴി കടന്നു പോവുന്നത്. ശരാശരി 75,000ലധികം പേര്‍ ഇരു ഭാഗങ്ങളിലേക്കുമായി കോസ്‍വേ വഴി യാത്രചെയ്യുന്നതായാണ് കണക്ക്.