അന്വേഷണം പുരോഗമിക്കുകയാണെന്നും ആവശ്യമെങ്കിൽ ഇതര സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നും പൊലീസ് അറിയിച്ചു. 

ഇടുക്കി: കന്പകക്കാനത്തെ കൂട്ടക്കൊലപാതകത്തിൽ കൃഷ്ണന്‍റെ സഹായിയായിരുന്ന ആളെ സംശയമുണ്ടെന്ന് ബന്ധുക്കൾ. അടിക്കടി വീട്ടിലെത്താറുള്ള യുവാവിനെതിരെ ബന്ധുക്കൾ പൊലീസിന് മൊഴി നൽകി. അന്വേഷണം പുരോഗമിക്കുകയാണെന്നും ആവശ്യമെങ്കിൽ ഇതര സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നും പൊലീസ് അറിയിച്ചു.

മുപ്പത് വയസോളം പ്രായമുള്ള താടിയുള്ള യുവാവ് മോട്ടോർ സൈക്കിളിൽ അടിക്കടി കൃഷ്ണന്‍റെ വീട്ടിലെത്തിയിരുന്നെന്നാണ് സഹോദരങ്ങൾ നൽകിയിരിക്കുന്ന മൊഴി. ഇയാളെ നാട്ടുകാർക്കോ ബന്ധുക്കൾക്കോ പരിചയമില്ല. കൃഷ്ണൻ യുവാവിനൊപ്പം ബൈക്കിൽ പലയിടങ്ങളിലേക്കും പോയിരുന്നു. കൊലപാതക വിവരമറിഞ്ഞ് യുവാവ് കന്പകക്കാനത്ത് എത്താതിരുന്നതാണ് ഇയാളെക്കുറിച്ച് സംശയം ഉയരാൻ കാരണം.

കൃഷ്ണന്‍റെ വീട്ടിൽ സ്ഥിരമായി എത്താറുണ്ടായിരുന്ന കാറുകളുടെ ഉടമസ്ഥരെയും പൊലീസ് തേടുന്നുണ്ട്. കൊലപാതക രാത്രിയിൽ ഈ കാറുകൾ കന്പകക്കാനത്ത് എത്തിയിരുന്നോ എന്നറിയാൻ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.

കൊല നടന്ന സ്ഥലത്ത് നിന്ന് കണ്ടെടുത്ത കത്തി നിർമിച്ചയാളെ പൊലീസ് ചോദ്യം ചെയ്തു. കൃഷ്ണന്‍റെ ആവശ്യപ്രകാരം നിർമിച്ച കത്തിയാണിതെന്നാണ് വെൺമണി സ്വദേശിയായ ഇയാളുടെ മൊഴി. തലയ്ക്കടിയ്ക്കാൻ ഉപയോഗിച്ച ചുറ്റിക എങ്ങിനെ വീട്ടിലെത്തി എന്നതിനെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.