ഏയ്‍ഡ്സ് ബാധിച്ച് മരിക്കുന്നരുടെ എണ്ണത്തിലും കുറവ്
ദില്ലി: രാജ്യത്ത് ഏഴു വര്‍ഷത്തിനിടയില്‍ പുതിയതായി ഏയ്ഡ്സ് ബാധിക്കുന്നവരുടെ എണ്ണം 26.6 ശതമാനമായി കുറഞ്ഞെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ട്. 2010 മുതല്‍ 2017 വരെയുള്ള കാലം പഠനവിധേയമാക്കിയപ്പോള്‍ ഏയ്ഡ്സ് മൂലം മരണം സംഭവിക്കുന്നവരുടെ എണ്ണത്തിലും 56.8 ശതമാനം കുറവ് കണ്ടെത്തി. ഇന്ത്യയില്‍ 2010ല്‍ 120,000 പേര്‍ക്കാണ് പുതിയതായി എച്ച്ഐവി ബാധിച്ചതെങ്കില്‍ 2017ല്‍ അത് 88,000 ആണ്.
ഇതേ കാലഘട്ടത്തില്‍ 160,000 പേര്‍ വെെറസ് ബാധിച്ച് മരിക്കുന്ന അവസ്ഥയില്‍ നിന്ന് 69,000 ആയി ചുരുങ്ങാനും കഴിഞ്ഞിട്ടുണ്ട്. ഏയ്ഡ്സ് രോഗവുമായി ജീവിക്കുന്നവരുടെ എണ്ണം 2,300,000 ത്തില്‍ നിന്ന് 2,100,000 ആയി കുറഞ്ഞു. ഏയ്ഡ്സുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന യുഎന്‍ ഏജന്‍സി '' മെെല്‍സ് ടൂ ഗോ - ക്ലോസിംഗ് ഗ്യാപ്സ്, ബ്രേക്കിംഗ് ബാരിയേഴ്സ്, റെെറ്റിനിംഗ് ഇന്‍ജസ്റ്റിസസ്'' എന്ന പേരില്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
ഏയ്ഡ്സിനെതിരെയുള്ള ആഗോള ഇടപെടലുകളേക്കാള്‍ മികച്ച രീതിയില്‍ ഇന്ത്യക്ക് ബോധവത്കരണം നടത്താന്‍ സാധിച്ചിട്ടുണ്ട്. 2020 ഓടെ പുതിയതായി ഏയ്ഡ്സ് ബാധിക്കുന്നവരുടെ എണ്ണം 75 ശതമാനം കുറയ്ക്കാനായിരുന്നു ലക്ഷ്യമിട്ടത്. പക്ഷേ, 2017 വരെ എത്തിയപ്പോള്‍ 18 ശതമാനം മാത്രമാണ് കുറഞ്ഞത്. എച്ചഐവി ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 34 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
കംബോഡിയ, ഇന്ത്യ, മ്യാന്‍മാര്‍, തായ്‍ലന്‍റ്, വിയറ്റ്‍നാം എന്നിവടങ്ങളില്‍ 2010നും 2017നും ഇടയില്‍ വലിയ തോതില്‍ എച്ച്ഐവി കുറഞ്ഞു. പക്ഷേ, ലോകത്ത് പുതിയതായി എച്ച്ഐവി ബാധിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് ഉണ്ടാകുന്നില്ല. പാക്കിസ്ഥാനിലും ഫിലിപ്പിയന്‍സിലും വര്‍ധിക്കുകയും ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
