വെച്ചൂച്ചിറയിലെ വീട്ടിൽ നിന്നും ജസ്നയെ കാണാതായി മൂന്നു മാസം കഴിഞ്ഞിട്ടും അന്വേഷണ സംഘത്തിന് ഒരു തുമ്പും ലഭിച്ചില്ല.

കോട്ടയം: വെച്ചൂച്ചിറ ജസ്ന തിരോധാനക്കേസിൽ ഐ.ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ പുതിയ അന്വേഷണ സംഘത്തെ നിയമിച്ചു. ജസ്നയെ കുറിച്ച് വിവരം നൽകുന്നവർക്ക് ഡിജിപി അഞ്ചു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

വെച്ചൂച്ചിറയിലെ വീട്ടിൽ നിന്നും ജസ്നയെ കാണാതായി മൂന്നു മാസം കഴിഞ്ഞിട്ടും അന്വേഷണ സംഘത്തിന് ഒരു തുമ്പും ലഭിച്ചില്ല. ബംഗളുരൂവിൽ ഒരു സുഹൃത്തിനൊടൊപ്പം ജസ്നയെ കണ്ടെന്ന വിവരത്തെ തുടർന്ന് തിരുവല്ല ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ വ്യാപകമായ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. നാളുകള്‍ കഴിയുമ്പോറും ദുരൂഹതകള്‍ ഏറുകയാണ്. പത്തനംതിട്ട എസ്.പിയുടെ നേതൃത്വത്തിലായിരുന്നു ആദ്യം അന്വേഷണ സംഘം പ്രവർത്തിച്ചത്. തിരുവല്ല ഡി.വൈ.എസ്.പിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. വിവരം നൽകുന്നവർക്ക് രണ്ടു ലക്ഷം രൂപയും അന്ന് ഡിജിപി പ്രഖ്യാപിച്ചിരുന്നു. 

എന്നാല്‍ കേസില്‍ ഇപ്പോഴും ഒരു തുമ്പുമില്ലാതെ അന്വേഷണ പോകുന്നതിനാൽ ജസ്നയുടെ വീട്ടുകാരും നാട്ടുകാരും സമരത്തിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് അന്വേഷണ സംഘം വിപുലമാക്കിയത്. അന്വേഷണ സംഘത്തെ മാറ്റണമെന്ന ജസ്നയുടെ അച്ഛൻ മുഖ്യമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. ഐ.ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ അഞ്ച് ഡി.വൈ.എസ്.പിമാരും അഞ്ച് സി.ഐമാരുമുണ്ട്. ജസ്നക്കുറിച്ചുള്ള എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9497990035 എന്ന നമ്പറിലേോ dysptvllapta.pol@kerla.gov.in എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു. കാ‌ഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയായിരുന്നു ജസ്ന.