തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേലുള്ള പുതിയ കേസുകള്‍ അന്വേഷിക്കാനുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചുള്ള ഉത്തരവ് പുറത്തിറങ്ങാന്‍ വൈകുന്നു. നിയമപരമായ പരിശോധനള്‍ നടക്കുന്നുവെന്നാണ് ആഭ്യന്തരവകുപ്പിന്റെ വിശദീകരണം. ഇതിനിടെ സോളാറില്‍ അച്ചടക്ക നടപടി നേരിട്ട മുന്‍ അന്വേഷണ സംഘത്തലവന്‍ ഡിജിപി എ. ഹേമചന്ദ്രന്‍ മുഖ്യമന്ത്രിയെ കണ്ടു. ജുഡീഷ്യല്‍ കമ്മീഷനും അന്വേഷണ സംഘവുമായുള്ള തര്‍ക്കത്തെ കുറിച്ച് ഹേമചന്ദ്രന്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു.

ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള പുതിയ സംഘം സോളാറിലെ പുതിയ കേസുകള്‍ അന്വേഷിക്കുമെന്നായിരുന്നു മന്ത്രിസഭാ യോഗതീരുമാനം. മന്ത്രിസഭാ തീരുമാന പ്രകാരം പുതിയ സംഘത്തെ നിയോഗിച്ചുള്ള ഉത്തരവ് ഇന്നലെ ഇറങ്ങേണ്ടിയിരുന്നു. എന്നാല്‍ നിയമവശങ്ങള്‍ കൂടി പരിശോധിച്ച് പഴുതടച്ച് നടപടി പൂര്‍ത്തിയാക്കാന്‍ വേണ്ടിയാണ് ഉത്തരവ് വൈകുന്നതെന്നാണ് ആഭ്യന്തരവകുപ്പിന്റെ വിശദീകരണം. 

ഉമ്മന്‍ചാണ്ടി അടക്കം സോളാറില്‍ നടപടി നേരിടേണ്ട നേതാക്കളെല്ലാം നിയമപോരാട്ടം തുടങ്ങുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും, തുടര്‍നടപടിയും, അന്വേഷണസംഘത്തെ നിയോഗിച്ചുള്ള ഉത്തരവുമെല്ലായിരിക്കും യുഡിഎഫ് നേതാക്കള്‍ കോടതിയില്‍ ചോദ്യം ചെയ്യുക. മാത്രമല്ല സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ അന്വേഷണത്തിന് ആധാരമായ കേസുകളില്‍ പലതിലും ഇതിനകം അന്വേഷണം നടക്കുന്നുണ്ട്.

അതിനിടെയാണ് സോളാര്‍ തട്ടിപ്പ് അന്വേഷിച്ച മുന്‍ സംഘത്തലവനും കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ നടപടിയും നേരിട്ട ഡിജിപി എ. ഹേമചന്ദ്രന്‍ മുഖ്യമന്ത്രിയെ കണ്ടത്. ജുഡീഷ്യല്‍ കമ്മീഷനും അന്വേഷണ സംഘവുമായി നേരത്തെ ഉണ്ടായിരുന്ന തര്‍ക്കത്തെ കുറിച്ച് ഹേമചന്ദ്രന്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചുവെന്നാണ് വിവരം. 

ടേംസ് ഓഫ് റഫറന്‍സിനപ്പുറം കമ്മീഷന്‍ നടത്തുന്ന ഇടപടെലുകള്‍ക്കെതിരെ ഹേമചന്ദ്രന്‍ കമ്മീഷനില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. അന്വേഷണ സംഘത്തിലുണ്ടായിരുന്ന മറ്റ് പൊലീസ് ഉദ്യോഗസ്ഥരും കമ്മീഷനെതിരെ സര്‍ക്കാറിന് പരാതി നല്‍കിയിരുന്നു. വകുപ്പു തല അന്വേഷണം നേരിടുന്ന ഇവര്‍ വീണ്ടും കമ്മീഷനെതിരെ സര്‍ക്കാറിനെ സമീപിക്കും.