ദില്ലി: മലപ്പുറം ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ പുതിയ കെപിസിസി അധ്യക്ഷനെ ഹൈക്കമാന്‍ഡ് ഉടന്‍ പ്രഖ്യാപിക്കും. ചര്‍ച്ചകള്‍ക്കായി കൂടുതല്‍ കേരളനേതാക്കളെ ദില്ലിക്ക് വിളിപ്പിച്ചു. സംഘടനാ തെരെഞ്ഞെടുപ്പിനു മുന്‍പ് പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കണോയെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

സംഘടനാ തെരഞ്ഞെടുപ്പിനുള്ള സമയക്രമം നിശ്ചയിച്ചതോടെയാണ് ഹൈക്കമാന്‍ഡുമായി കേരളാ നേതാക്കള്‍ ചര്‍ച്ചകള്‍ തുടങ്ങിയത്. സംഘടനാ തെരെഞ്ഞെടുപ്പിനു മുന്‍പ് കെപിസിസിക്ക് സ്ഥിരം അധ്യക്ഷന്‍ വേണമോ എന്നതാണ് ഇപ്പോഴത്തെ ചര്‍ച്ച. കെപിസിസി പുനസംഘടനക്കൊപ്പം എഐസിസി പുനസംഘടനയും നടക്കുന്നതിനാല്‍ കേരളത്തിലെ ചില നേതാക്കളെ എഐസിസിയിലേക്ക് കൊണ്ടുവരാനും ആലോചിക്കുന്നുണ്ട്.

വി എം സുധീരനെ ദില്ലിയിലേക്ക് കൊണ്ടുവരാന്‍ ഹൈക്കമാന്‍ഡ് താല്പര്യമുണ്ടെന്നാണ് സൂചന. ദില്ലിയിലെത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി മുന്‍ അധ്യക്ഷന്‍ വിഎം സുധീരന്‍ എന്നിവരെ ഹൈക്കമാന്‍ഡ് ദില്ലിക്ക് വിളിപ്പിച്ചു. ഇരുവരും അടുത്ത ആഴ്ച്ച എത്തും.

കേരളാ നേതാക്കളെ വിശ്വാസത്തില്‍ എടുത്തായിരിക്കും അന്തിമ തീരുമാനമുണ്ടാകുക. ഒക്ടോബര്‍ 30 നു സംഘടനാ തെരെഞ്ഞെടുപ്പ് പൂര്‍ത്തീകരികേണ്ടതിനാല്‍ എല്ലാതലങ്ങളിലെക്കും തെരഞ്ഞെടുപ്പ് ഉണ്ടാകില്ല. ബൂത്ത് തലത്തില്‍ തെരഞ്ഞെടുപ്പും മണ്ഡലം മുതല്‍ പിസിസി വരെ സമവായത്തിലൂടെ ഭാരവാഹികളെ നിശ്ചയിക്കാനുമാണ് നീക്കം.