തിരുവനന്തപുരം: സെന്‍ട്രല്‍ ജയിലുകളില്‍ തടവുകാരുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ മൊബൈല്‍ ഡിറ്റക്ടറുകള്‍ സ്ഥാപിക്കാന്‍ തീരുമാനം. രാത്രിയിലെ ആളനക്കം കണ്ടെത്താന്‍ ലേസര്‍ സ്‌കാനറുകളും സ്ഥാപിക്കും. ഇതോടൊപ്പം മുഴുവന്‍ ജയിലുകളിലും വൈദ്യുതി കമ്പിവേലികളും സ്ഥാപിക്കും. ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജയില്‍ ഉന്നതതല യോഗത്തിലാണ് തീരുമാനം. 

തടവുകാര്‍ രഹസ്യമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ സുരക്ഷാ ഓഡിറ്റ് നടത്താന്‍ ജയില്‍ മേധാവി ഡിജിപി ആര്‍.ശ്രീലേഖ ഉത്തരവിട്ടിരുന്നു. മുന്‍പ് തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ ലക്ഷങ്ങള്‍ മുടക്കി മൊബൈല്‍ ജാമറുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ തടവുകാര്‍ ജാമറുകളില്‍ ഉപ്പിട്ട് നശിപ്പിച്ച് വ്യാപക മൊബൈല്‍ ഫോണ്‍ ഉപയോഗം തുടങ്ങുകയും ചെയ്തിരുന്നു. കയ്യില്‍ കൊണ്ടുനടക്കാവുന്ന ഡിറ്റക്ടറുകളാണ് പുതുതായി വാങ്ങുന്നത്. സമീപത്ത് എവിടെയെങ്കിലും മൊബൈല്‍ ഫോണോ, ബാറ്ററിയോ ചാര്‍ജറോ ഉണ്ടെങ്കില്‍ ഇവ കണ്ടെത്തും.

പൂജപ്പുര സെന്‍ട്രല്‍ ജയിലിനകത്തെ ടവറില്‍ ജയിലിനകത്തും പുറത്തുമുള്ള എല്ലാ ചലനവും രാത്രിയില്‍പോലും കണ്ടെത്താവുന്ന ലേസര്‍ സ്‌കാനറുകാളാണ് സ്ഥാപിക്കുന്നത്. സബ്ജയിലുകളടക്കം 53 ജയിലുകളില്‍ നിലവിലെ മതില്‍ക്കെട്ടിന് മുകളില്‍ വൈദ്യുതി കമ്പിവേലി സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്.