25 ന് കൊല്ലത്ത് ആരംഭിക്കുന്ന 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സംഘടനാ ചര്‍ച്ചയില്‍ പാര്‍ട്ടിയില്‍ പുതുതായി പ്രവേശനം നേടുന്നവരുടെ വിഷയം ഉന്നയിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.

കോഴിക്കോട്: പുതിയ അണികളെ പശ്ചാത്തലം നോക്കാതെ സ്വീകരിക്കുന്നത് സിപിഐക്ക് വിനയാകുന്നു. 22-ാം പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം നിരവധി പേര്‍ സംസ്ഥാനത്തെ മറ്റ് പാര്‍ട്ടികളില്‍ നിന്ന് രാജിവച്ച് സിപിഐയില്‍ ചേര്‍ന്നതായാണ് നേതൃത്വം അവകാശപ്പെടുന്നത്. ഇങ്ങനെ എത്തുന്നവര്‍ക്ക് പ്രധാന സ്ഥാനമാനങ്ങളും പാര്‍ട്ടി നല്‍കുന്നുണ്ട്. എന്നാല്‍ വലിയ തോതില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരും ക്വട്ടേഷന്‍ സംഘാംഗങ്ങളും വര്‍ഗീയ സംഘടനകളുമായി ബന്ധം പുലര്‍ത്തുന്നതുമായ നിരവധി പേര്‍ സിപിഐയില്‍ എത്തിയതായാണ് പുതിയ ആരോപണം. 

തങ്ങളുടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കും സങ്കുചിത അജന്‍ഡ നടപ്പാക്കുന്നതിനും പാര്‍ട്ടിയെ ഇവര്‍ മറയാക്കുന്നതായും സിപിഐയിലെ നേതാക്കള്‍ തന്നെ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് താമരശേരിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടിയ വില്ലേജ് ഓഫീസറും സിപിഐയുടെ അനുബന്ധ സംഘടനയായ ജോയിന്റ് കൗണ്‍സില്‍ പ്രാദേശിക നേതാവായിരുന്നു. ഇത്തരത്തില്‍ റവന്യു വകുപ്പില്‍ അഴിമതി നടത്തുന്നവരും ക്രമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരും അതില്‍ നിന്നെല്ലാം പെട്ടെന്ന് പിടിക്കപ്പെടാതിരിക്കാന്‍ ജോയിന്റ് കൗണ്‍സിലില്‍ അംഗമാകുന്നതായാണ് ആക്ഷേപം. 

25 ന് കൊല്ലത്ത് ആരംഭിക്കുന്ന 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സംഘടനാ ചര്‍ച്ചയില്‍ പാര്‍ട്ടിയില്‍ പുതുതായി പ്രവേശനം നേടുന്നവരുടെ വിഷയം ഉന്നയിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ഹിന്ദു പ്രോഗ്രസീവ് ഫോറമെന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സിപിഐ നേതാക്കള്‍ പങ്കെടുത്തതാണ് ഇപ്പോള്‍ വലിയ വിവാദമായിരിക്കുകയാണ്. രണ്ട് വര്‍ഷം മുന്‍പ് സിപിഐയിലെത്തിയ നഗരത്തിലെ ഒരു ബ്രാഞ്ച് ഭാരവാഹിയായ സി. സുധീഷ്, ടി. ഷനൂബ് തുടങ്ങിയ നേതാക്കളാണ് ഈ പരിപാടിയില്‍ പങ്കെടുത്തത്. 

സി. സുധീഷിന്റെ അധ്യക്ഷതയിലായിരുന്നു പൊതുയോഗം. ഹനുമാന്‍ സേന നേതാക്കള്‍ ഉള്‍പ്പെടെ സംബന്ധിച്ച യോഗത്തിലാണ് സിപിഐ നേതാക്കളും വേദി പങ്കിട്ടത്. പ്രകോപനപരമായ പ്രസംഗങ്ങളാണ് യോഗത്തിലുണ്ടായത്. നേരത്തെ ബിജെപിയിലും പിന്നീട് ബിഡിജെഎസിലും പ്രവര്‍ത്തിച്ച നിരവധി പേര്‍ രണ്ട് വര്‍ഷം മുമ്പ് സുധീഷിന്റെ നേതൃത്വത്തില്‍ സിപിഐയില്‍ ചേരുന്നത്. സിപിഐയില്‍ എത്തിയപ്പോഴും സുധീഷ് എസ്എന്‍ഡിപി താലൂക്ക് യൂണിയന്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞിരുന്നില്ല. ഈ സ്ഥാനം ഉപയോഗിച്ചാണ് അദ്ദേഹം തീവ്രസംഘടനയുടെ പ്രതിഷേധ യോഗത്തില്‍ സംബന്ധിച്ചത്. യോഗത്തിലെ മുഖ്യപ്രഭാഷകനായിരുന്ന സുധീഷ് വര്‍ഗീയ ചേരിതിരിവ് പ്രകടമാക്കുന്ന തരത്തില്‍ സംസാരിച്ചതായി ആരോപണമുണ്ടായിരുന്നു. 

ജനുവരിയില്‍ മണ്ണാര്‍ക്കാട് യൂത്ത്ലീഗ് പ്രവര്‍ത്തകനായ സഫീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അഞ്ച് സിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. ക്വട്ടേഷന്‍ സംഘങ്ങളായിരുന്ന പ്രതികള്‍ അടുത്തിടെ സിപിഐയില്‍ എത്തിയവരായിരുന്നു. ജനകീയ വിഷയങ്ങളും മറ്റും ഉയര്‍ത്തിക്കാട്ടി സ്വന്തം സര്‍ക്കാറിനോട് പോലും പലപ്പോഴും ഏറ്റുമുട്ടല്‍ സമീപനം സ്വീകരിക്കുന്ന സിപിഐ നേതാക്കളെ മണ്ണാര്‍ക്കാട് കൊലപാതകം വലിയ തോതില്‍ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിനെല്ലാം പുറമെ മണല്‍, ക്വാറി മാഫിയകള്‍ക്കൊപ്പമുള്ള നിരവധി പേരും മലബാറിലെ വിവിധ ജില്ലകളില്‍ അടുത്തിടെ പാര്‍ട്ടിയില്‍ എത്തിയതായി പ്രവര്‍ത്തകര്‍ പറയുന്നു. ഇത്തരക്കാര്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് വലിയ തോതില്‍ പോറലേല്‍പ്പിക്കുന്നതായും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.