കെവിന്‍റെ അവസ്ഥ വരുമെന്ന് യുവാവിന് ഭീഷണി

അടൂരിൽ നിന്ന് 2 ദിവസം മുൻപ് തട്ടിക്കൊണ്ടു പോയ പന്തളം കുളക്കട സ്വദേശി സൂരജിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി.. കെവിന്റെ അവസ്ഥവരുമെന്ന് തട്ടിക്കൊണ്ടുപോയ ഹാഷിം ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. അതിനിടെ യുവാവിനെ തട്ടിക്കൊണ്ട് പോകാൻ ഉപയോഗിച്ച വാഹനം അടൂർ പൊലീസ് കണ്ടെടുത്തു.

ബുധനാഴ്ച വൈകുന്നേരമാണ് ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സൂരജിനെ തട്ടികൊണ്ട് പോയത് . കേസിലെ പ്രധാന പ്രതിയായ ഹാഷിമിന്റെ ഭാര്യ ജോലിചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു സൂരജ്. ഇവർ തമ്മിൽ ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു തട്ടിക്കൊണ്ടു പോകലും മർദ്ദനവും. മർദ്ദനത്തിനിടെ ഹാഷിമിന്‍റെ ഭാര്യയെ ഫോണിൽ വിളിച്ച് സംഘം നിർദ്ദേശിക്കുന്ന രീതിയിൽ സംസാരിക്കാൻ ആവശ്യപ്പെട്ടു. ഇതെല്ലാം മൊബൈലിൽ റെക്കോർഡ് ചെയ്തെന്നും സൂരജ് പറയുന്നു

ഹാഷിം കൊലപാതകം ഉള്‍പ്പടെ പന്ത്രണ്ട് കേസ്സുകളിലെ പ്രതിയാണ്. സഹോദരൻ ആഷിഖ് കഞ്ചാവ് വില്പന നടത്തിയതിന് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. സൂരജിനെ തട്ടിക്കൊണ്ട് പോകാൻ ഉപയോഗിച്ച വാഹനം പന്തളം പടനിലത്തിന് സമിപത്ത് നിന്നുമാണ് പൊലീസ് കണ്ടെത്തിയത്. തട്ടിക്കൊണ്ട് പോയ സംഘത്തിലെ രണ്ട് പേർ ഇനിയും പിടിയിലാകാനുണ്ട്. ഇവർക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. റിമാൻഡ് ചെയ്ത മറ്റു നാല് പ്രതികളേയും കസ്റ്റഡിയില്‍ വാങ്ങാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട് . വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അടൂർ പൊലീസ് കേസ് എടുത്തിരിക്കുന്നത്.