മക്ക: സംസം കിണറിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. രണ്ട് ഘട്ടങ്ങളായാണ് പദ്ധതി നടപ്പിലാക്കുന്നത്. അടുത്ത റംസാന്‍ മാസത്തിന് മുന്‍പ് പണി പൂത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
സംസം കിണര്‍ നവീകരണ പ്രവര്‍ത്തന പദ്ധതിക്ക് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് നേരത്തെ അംഗീകാരം നല്‍കിയിരുന്നു. 

ഇതേതുടര്‍ന്ന് കഴിഞ്ഞ ദിവസം നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. തീര്‍ഥാടകര്‍ വിശുദ്ധ കഅബയെ പ്രദിക്ഷണം വെക്കുന്ന മതാഫിന്റെ നല്ലൊരു ഭാഗവും ഇതിനായി അടച്ചിട്ടിരിക്കുകയാണ്. രണ്ട് ഘട്ടങ്ങള്‍ ആയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തില്‍ സംസം കിണറിന്റെ  ഭാഗത്തേക്ക് കിഴക്ക് ഭാഗത്ത് നിന്നും അഞ്ച് പാലങ്ങള്‍ നിര്‍മിക്കും. 

എട്ടു മീറ്റര്‍ വീതിയും 120 മീറ്റര്‍ നീളവും ഈ പാലങ്ങള്‍ക്ക് ഉണ്ടാകും. കിണറിന്റെ ചുറ്റുഭാഗത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍. ഇതിന്റെ ഭാഗമായി സംസം പരിസരം പൂര്‍ണമായും പ്രാണികളില്‍ നിന്നും മറ്റും മുക്തമാക്കും. ഏഴു മാസത്തോളം ഈ നവീകരണപ്രവര്‍ത്തനങ്ങള്‍ തുടരും. അടുത്ത റമദാനിനു മുമ്പായി പണി പൂര്‍ത്തിയാകുമെന്ന് ഹറംകാര്യ വിഭാഗം മേധാവി ഷെയ്ഖ് അബ്ദുറഹ്മാന്‍ അല്‍ സുദൈസ് പറഞ്ഞു. 

മതാഫിന്റെ നല്ലൊരു ഭാഗവും അടച്ചപ്പോള്‍ കഅബയുടെ ചുറ്റുഭാഗത്ത് കുറഞ്ഞ സ്ഥലത്ത് മാത്രമേ ഇപ്പോള്‍ തവാഫിനുള്ള സൗകര്യമുള്ളൂ. തീര്‍ഥാടകര്‍ക്ക് സുഗമമായി കര്‍മങ്ങള്‍ അനുഷ്ടിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതായി ഹറം സുരക്ഷാ വിഭാഗം വക്താവ് സാമി അല്‍ സലമി അറിയിച്ചു. ഉമ്ര തീര്‍ഥാടകരെ മാത്രമേ ഈ ഭാഗത്ത്  തവാഫ് നിര്‍വഹിക്കാന്‍ അനുവദിക്കുകയുള്ളൂ. തിരക്ക് നിയന്ത്രിക്കാനുള്ള സുരക്ഷാ വിഭാഗത്തിന്റെ പദ്ധതിയോട് എല്ലാ തീര്‍ഥാടകരും സഹകരിക്കണമെന്ന് അല്‍ സലമി ആവശ്യപ്പെട്ടു.