കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വ്വീസ് തുടങ്ങാന്‍ വീണ്ടും തടസങ്ങള്‍. സര്‍വീസ് നടത്താന്‍ സന്നദ്ധതയറിയിച്ച സൗദി എയര്‍ലൈന്‍സ് കൂടുതല്‍ ഉപാധികൾ വച്ചതാണ് പ്രതിസന്ധിക്ക് കാരണം. റണ്‍വേ വികസനത്തിന് സര്‍ക്കാര്‍ കൂടുതല്‍ സ്ഥലമനുവദിച്ചില്ലെങ്കിൽ വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് വ്യോമയാന മന്ത്രാലയം നിലപാടറിയിച്ചു.

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വ്വീസ് തുടങ്ങാന്‍ വീണ്ടും തടസങ്ങള്‍. സര്‍വീസ് നടത്താന്‍ സന്നദ്ധതയറിയിച്ച സൗദി എയര്‍ലൈന്‍സ് കൂടുതല്‍ ഉപാധികൾ വച്ചതാണ് പ്രതിസന്ധിക്ക് കാരണം. റണ്‍വേ വികസനത്തിന് സര്‍ക്കാര്‍ കൂടുതല്‍ സ്ഥലമനുവദിച്ചില്ലെങ്കിൽ വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് വ്യോമയാന മന്ത്രാലയം നിലപാടറിയിച്ചു.

റണ്‍വേ അറ്റകുറ്റപണിയെ തുടര്‍ന്ന് മൂന്ന് വര്‍ഷമായി നിലച്ച വലിയ വിമാനങ്ങളുടെ സര്‍വ്വീസ് ഇനിയും പുനരാരംഭിച്ചിട്ടില്ല. ഉടന്‍ സര്‍വ്വീസ് തുടങ്ങുമെന്ന് ജനപ്രതിനിധികള്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും കടക്കാന്‍ ഇനിയും കടമ്പകളേറെ. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ഡിജിസിഎയും സംയുകത പരിശോധന നടത്തി റണ്‍വേയില്‍ സാങ്കേതിക തടസങ്ങള്‍ ഇല്ല എന്ന് കണ്ടെത്തിയിരുന്നു. 

സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കിയതിന്‍റെ അടിസ്ഥാനത്തില്‍ സൗദി എയര്‍ലൈന്‍സിന് സര്‍വ്വീസ് നടത്താന്‍ അനുമതിയും നല്‍കി. എന്നാല്‍ കരിപ്പൂരിനൊപ്പം തിരുവന്തപുരത്ത് നിന്നും സ്ഥിരം സര്‍വ്വീസ് തുടങ്ങാന്‍ അനുമതി നല്‍കണമെന്നാണ് സൗദി എയര്‍ലൈന്‍സിന്‍റെ പുതിയ ആവശ്യം. നിലവില്‍ 2020 വരെ താല്‍ക്കാലിക അനുമതിയാണ് നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ വ്യോമയാന മന്ത്രാലയം നിലപാടറിയിച്ചിട്ടില്ല.

സൗദി എയര്‍ലൈന്‍സിന് പുറമെ എയര്‍ ഇന്ത്യയും കരിപ്പൂരില്‍ നിന്നുള്ള സര്‍വ്വീസിന് സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ സുരക്ഷാപരിശോധനകല്‍ പൂര്‍ത്തിയാക്കിയിട്ടില്ല. അതേ സമയം വിമാനത്താവള വികസനത്തിന് ഭൂമി ഇനിയും കിട്ടാത്തതില്‍ വ്യോമയാന മന്ത്രാലയത്തിന് അതൃപ്തിയുണ്ട്. റണ്‍വേയുടെ വികസനം, പുതിയ ടെര്‍മിലന്‍ കോംപ്ലക്സ് എന്നിവക്കായി 137 ഏക്കര്‍ ഭൂമിയാണ് വേണ്ടത്. 

വിമാനത്താവള വികസനം സാധ്യമായെങ്കിലേ കൂടുതല്‍ വലിയ വിമാനങ്ങളുടെ സര്‍വ്വീസ് അനുവദിക്കനാവൂയെന്ന് വ്യോമയാനമന്ത്രി സുരേഷ് പ്രഭു കഴിഞ്ഞ നാലിന് റിച്ചാര്‍ഡ് ഹേ എംപിക്കയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്ഥലത്തിന് മാര്‍ക്കറ്റ് വില നല്‍കണമെന്ന പ്രദേശവാസികളുടെ ആവശ്യത്തില്‍ തട്ടി ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ തടസപ്പെട്ടിരിക്കുകയാണ്. തുടര്‍ ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ മുന്‍പോട്ട് വന്നിട്ടുമില്ല.