പുതിയ തൊഴിൽ കുടിയേറ്റ നിയമം ഡിസംബർ 13 നു പ്രാബല്യത്തിൽ വരുന്നതോടെ നേരത്തെ ജോലിയിൽ നിന്ന് പിരിച്ചു വിടപ്പെട്ടവർക്കും ജോലി ഉപേക്ഷിച്ചു മടങ്ങിയവർക്കും ഉടൻ തിരിച്ചുവരാമെന്ന മട്ടിൽ നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു.എന്നാൽ ഇത് ശരിയല്ലെന്നും രണ്ടു വർഷം കഴിയാതെ ഇത്തരക്കാർക്ക് തിരിച്ചു വരാൻ കഴിയില്ലെന്നുമാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. 

പുതിയ നിയമത്തിന്‍റെ നടപ്പാക്കൽ ചട്ടത്തിൽ ഇക്കാര്യം പറയുന്നതായി ഒരു പ്രാദേശിക അറബ് പത്രമാണ് റിപ്പോർട്ട് ചെയ്തത്. പുതിയ തൊഴിൽ നിയമം വരുന്നതോടെ ഖത്തറിൽ എത്തുന്നതിനു മുമ്പ് വിദേശ തൊഴിലാളികൾ കരാറിൽ ഒപ്പുവെച്ചിരിക്കണമെന്ന നിബന്ധന ഇല്ലാതാവും. 

പുതിയ നിയമം പ്രാബല്യത്തിൽ വന്നതു മുതൽക്കായിരിക്കും എല്ലാ തൊഴിൽ കരാറുകളുടെയും കാലാവധി ആരംഭിക്കുക. പുതിയ നിയമപ്രകാരം തുറന്ന തൊഴിൽ കരാറുകളുടെ കാലാവധി അഞ്ചു വർഷമായിരിക്കും. എന്നാൽ രണ്ടു വർഷം കാലാവധിയുള്ള തൊഴിൽ കരാറുകളും നിലവിലുണ്ടാകും. അതേസമയം,പുതിയ കരാർ ഒപ്പുവെക്കുമ്പോൾ തൊഴിലാളികളുടെ മുൻകാല സേവനം പരിഗണിക്കുമോ എന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തത കൈവന്നിട്ടില്ല.

കരാർ ഒപ്പുവെക്കാൻ വിസമ്മതിച്ചു നാട്ടിലേക്ക് മടങ്ങുന്നവർക്ക് രണ്ടുവർഷത്തെ വിലക്ക് ബാധകമാകുമോ എന്നത് സംബന്ധിച്ചും ഇനിയും വ്യക്തത ലഭിക്കേണ്ടതുണ്ട്. പഴയ രീതിയിലുള്ള സ്പോൺസർഷിപ്പിനു പകരം തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിൽ ഭേദഗതി ചെയ്യുന്ന തൊഴിൽ നിയമത്തിൽ വിദേശ തൊഴിലാളികളുടെ എക്സിറ്റ് പെർമിറ്റ് സംവിധാനത്തിലും മാറ്റമുണ്ടാകും.