ജിദ്ദ: നാലായിരം റിയാലില്‍ താഴെ ശമ്പളമുള്ള വിദേശികള്‍ക്ക് സൗദിയില്‍ ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കരുതെന്ന് ശൂറാ കൗണ്‍സില്‍ അംഗം ഡോ. ഫഹദ് ബിന്‍ ജുംഅ ആവശ്യപ്പെട്ടു. ശൂറാ കൗണ്‍സില്‍ യോഗത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിന്മേല്‍ നടന്ന ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

ഈ നിയമം നടപ്പാക്കിയാല്‍ ബിനാമി ബിസിനസ്സും ഫ്രീ വിസക്കാരേയും ഒഴിവാക്കാന്‍ കഴിയുമെന്നും ഡോ. ഫഹദ് അഭിപ്രായപ്പെട്ടു. ട്രാഫിക് നിയമ ലംഘനങ്ങളുടെ പിഴ ഒടുക്കാന്‍ കഴിയുന്നവര്‍ക്കു മാത്രമേ ലൈസന്‍സ് അനുവദിക്കാവൂ.

വിദേശികള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതോടെ റോഡുകളില്‍ തിരക്ക് കുറയാനും റോഡപകടങ്ങള്‍ കുറക്കാനും കഴിയും.രാജ്യത്ത് വിദേശികളുടെ എണ്ണം കുടുന്നത് സാമ്പത്തിക, സുരക്ഷാ മേഖലക്കു പ്രതിസന്ധിയുണ്ടാക്കുന്ന കാര്യമാണ്. 2016 ലെ കണക്ക് പ്രകാരം സൗദിയില്‍ 11.67 ദശലക്ഷം വിദേശികളുണ്ട്.

ഇതില്‍ 10.883 ദശലക്ഷം വിദേശികളാണ് ജോലി ചെയ്യുന്നത്.രാജ്യത്ത് വിദേശികളുടെ എണ്ണം കുടുന്നത് സ്വദേശികളുടെ അവസരങ്ങള്‍ കുറക്കുന്നതിനു ഇടയാക്കുമെന്നും ഡോ. ഫഹദ് ബിന്‍ ജുംഅ പറഞ്ഞു.