മസ്കറ്റ്: ഒമാനില്‍ സ്വദേശികളുടെ തിരിച്ചറിയൽ കാര്‍ഡിനും വിദേശികളുടെ റസിഡന്‍സ് കാര്‍ഡിനും ഇനിയും മുതൽ പുതിയ രൂപം. കൂടുതല്‍ സുരക്ഷയും സാങ്കേതിക സൗകര്യങ്ങളും ഉള്‍പ്പെടുത്തിയ പുതിയ തിരിച്ചറിയല്‍ കാർഡുകൾ പ്രാബല്യത്തിൽ വന്നു. ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള വസ്തുക്കള്‍ ഉപയോഗിച്ചും നൂതന സാങ്കേതിക സംവിധാനങ്ങളും ഉള്‍പ്പെടുത്തിയുമാണ് ഒമാനിൽ തിരിച്ചറിയൽ കാർഡുകൾ പുതുക്കിയത്.

കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കാര്‍ഡുകളുടെ വ്യാജ പകർപ്പ് നിർമിക്കുവാൻ ഇനിയും പ്രയാസമായിരിക്കും. അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കുന്ന വിദേശികള്‍ വ്യാജ തിരിച്ചറിയൽ കാര്‍ഡുകള്‍ നിര്‍മിക്കുന്നതായി പോലീസിന്റെ ശ്രദ്ധയില്‍പെട്ടിരുന്നു. ഇതു തടയുന്നതു ലക്ഷ്യമാക്കിയാണ് പുതിയ നടപടി.

കാര്‍ഡ് ഉടമയുടെ രണ്ട് ചിത്രങ്ങളും, ഉടമയെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ ശേഖരിച്ചിട്ടുള്ള ചിപ്പും കാര്‍ഡിലുണ്ടാകും. മുൻപ് കാര്‍ഡിന് ഇടതുവശത്ത് മാത്രമാണ് ഉടമയുടെ ചിത്രം നല്‍കിയിരുന്നത്. എന്നാൽ ഇനിയും മുതൽ ചെറുതും വലുതുമായരണ്ടു ചിത്രങ്ങൾ കാർഡിൽ ഉണ്ടാകും. വിവിധ ഇല്‌ക്ടോണിക്‌സ് സേവനങ്ങള്‍ക്ക് ഇതു ഉപയോഗിക്കുവാൻ സാധിക്കും. നീല നിറത്തിലുള്ള ഒമാന്‍ ഭൂപടത്തിന് പുറമെ ദേശീയ പതാകയുടെ ചിത്രവും പുതിയ കാര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാലാവധി കഴിയുന്നത് വരെ നിലവിലുള്ളവര്‍ക്ക് പഴയ കാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കുമെന്നും ആര്‍ ഒ പി വ്യക്തമാക്കി.