ദില്ലി:കേന്ദ്രമന്ത്രി അൽഫോന്‍സ് കണ്ണന്താനത്തിന് മേഘാലയ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രാചരണച്ചുമതല കൂടി. അടുത്ത വര്‍ഷം ഏപ്രിലിൽ നടക്കുന്ന തിര‍ഞ്ഞെടുപ്പിന് മുന്നോടിയായാണ് കണ്ണന്താനത്തിന് ചുമതല നൽകിയത്. പുതിയ സ്ഥാനാരോഹണത്തിന് ശേഷം ദിവസം ഒന്ന് കഴിഞ്ഞപ്പോഴാണ് കണ്ണന്താനത്തെ തേടി അടുത്ത ചുമതലയെത്തിയത്.

മോദിയുടെ ശബ്ദവും പദ്ധതികളും മേഘാലയയിലെത്തിക്കുകയാണ് തന്‍റെ ദൗത്യം എന്ന് കണ്ണന്താനം പറഞ്ഞു. നിലവിൽ കോൺഗ്രസാണ് മേഘാലയ ഭരിക്കുന്നത്. കേരളാ ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ നൽകിയ വിരുന്നിന് ശേഷമാണ് കണ്ണന്താനം പുതിയ ചുമതലയുടെ സന്തോഷം മാധ്യമ പ്രവർത്തകരുമായി പങ്ക് വച്ചത്. കൂടെ തനിക്ക് മുഖ്യമന്ത്രിയോടുള്ള കടപ്പാടും നന്ദിയും അദ്ദേഹം രേഖപ്പെടുത്തി.

സിപിഎം സ്വതന്ത്രനായി മത്സരിച്ച് ജയിച്ചശേഷം കാണിച്ച പ്രവ‍ർത്തനമികവ് വീണ്ടും പുറത്തെടുക്കാനാവട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിരുന്നെത്തിയിരുന്നു. സംസ്ഥാനത്ത് സ്വീകരണം നടത്താൻ പാർട്ടി തീരുമാനിക്കട്ടെയെന്നും കണ്ണന്താനം പറഞ്ഞു.