തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി വെട്ടിമാറ്റിയ കേസില്‍ ദുരൂഹതയേറുന്നു. പെണ്‍കുട്ടിയുടെ ശബ്ദരേഖ പുറത്ത്. സ്വാമി ലൈംഗികമായി ഉപദ്രവിച്ചില്ലെന്നും സുഹൃത്ത് അയ്യപ്പദാസിന്റ പ്രേരണകൊണ്ടാണ് കുറ്റകൃത്യം ചെയ്‌തെന്നും പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. സ്വാമിയുടെ അഭിഭാഷകനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് പെണ്‍കുട്ടി സംഭവങ്ങള്‍ വെളിപ്പെടുത്തുന്നത്. അതേസമയം പുതിയ വെളിപ്പെടുത്തലുകലുടെ അടിസ്ഥാനത്തില്‍ അയപ്പദാസിനും പെണ്‍കുട്ടിക്കുമെതിരെ പൊലീസ് കേസെടുത്തേക്കും.

പീഡനശ്രമത്തിനിടെ സ്വാമി ജനനേന്ദ്രിയം വെട്ടിമാറ്റിയെന്നായിരുന്നു പെണ്‍കുട്ടി മജിസ്‌ട്രേറ്റിനും പൊലീസിനും നല്‍കിയ മൊഴി. ഇത് തിരുത്തികൊണ്ടുള്ള പെണ്‍കുട്ടിയുടെ കത്ത് ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് ഫോണ്‍ സംഭാഷണവും പുറത്താകുന്നത്. സ്വാമി ലൈഗിംകമായി പീഡിപ്പിച്ചിട്ടില്ലെന്നും, അയ്യപ്പാദസിന്റെ പ്രേരണയാലാണ് രാത്രിയില്‍ സ്വാമിയ്‌ക്കെതിരെ കത്തിവീശിയതെന്നും സ്വാമിയുടെ അഭിഭാഷകനായ ശാസ്തമംഗലം അജിത്തുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ പെണ്‍കുട്ടി വെളിപ്പെടുത്തുന്നു.

കത്തിവാങ്ങി നല്‍കിയത് അയ്യപ്പദാസാണെന്നും പെണ്‍കുട്ടി പറയുന്നു. സ്വാമിക്കെതിരായ ആരോപണങ്ങളെല്ലാം പൊലീസ് തയ്യാറാക്കിയ കഥയെന്നാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍.

പുതിയ വെളിപ്പെടുത്തലോടെ കേസ് കലങ്ങിമറിയുകയാണ്. ഇന്നലെ നല്‍കിയ കത്തില്‍ സ്വാമിയെ ആക്രമിച്ചത് ആരാണെന്ന് പെണ്‍കുട്ടി വ്യക്തമാക്കിയിരുന്നില്ല. ശബ്ദരേഖയില്‍ കുറ്റകൃത്യം ചെയ്തുവെന്ന് സമ്മതിക്കുന്നുമുണ്ട്. പെണ്‍കുട്ടി നല്‍കിയ കത്തിന്റെ പകര്‍പ്പിനുവേണ്ടി പൊലീസ് കോടതിയെ സമീപിക്കും. ഇതിനുശേഷം സ്വാമിക്ക് പരാതിയുണ്ടെങ്കില്‍ അയ്യപ്പദാസിനും പെണ്‍കുട്ടിക്കുമെതിരെ കേസെടുക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. അതേസമയം ജനനേന്ദ്രിയം മുറിച്ചതിനെ കുറിച്ച് പെണ്‍കുട്ടിയുടെ മൊഴി അടിസ്ഥാനത്തില്‍ മാത്രമാണ് കേസെടുത്തതെന്നും ഇതിനായുള്ള തെളിവുകള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ടെന്നുമാണ് പൊലീസ് പറയുന്നു. ഇരയായ പെണ്‍കുട്ടിയെ ഇപ്പോള്‍ ആരോ സ്വാധീച്ചിട്ടുണ്ടെന്നുമാണ് പൊലീസ് നിലപാട്.